പറക്കോട്ടുകാവ് താലപ്പൊലി; കൊടിയേറ്റം ഇന്നു വൈകീട്ട്
1547776
Sunday, May 4, 2025 6:36 AM IST
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തിനു തട്ടകദേശങ്ങൾ ഒരുങ്ങി. മൂന്നു ദേശങ്ങളുടെയും കാഴ്ചപ്പന്തലുകളുടെ പണി പുരോഗമിക്കുന്നു.
പടിഞ്ഞാറ്റുമുറി ദേശം കൊച്ചുപറക്കോട്ടുകാവ് ഭഗവതി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിനും കിഴക്കുമുറി ദേശം മല്ലിച്ചിറ അയ്യപ്പൻ കാവിൽ താലപ്പൊലി ദിനത്തിൽ രാവിലെ 10 നും സമൂഹ പറവയ്പ് നടത്തും. പാമ്പാടി ദേശത്തിന്റെ സംസ്കൃതി സാംസ്കാരിക സദസിന് ബുധനാഴ്ച വൈകീട്ട് തുടക്കമാകും .
11 ന് രാവിലെ 7.30 ന് വടക്കകൂട്ടാല ദേവിക്ഷേത്രത്തിൽനിന്ന് പടിഞ്ഞാറ്റുമുറി ദേശത്തിനുവേണ്ടി ഭഗവതിയുടെ കോലം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്ത് കയറ്റുന്നതോടെ ഉത്സവത്തിനു തുടക്കമാകും. പഞ്ചവാദ്യം, പൂതൻ, തിറ, വെള്ളാട്ട് ,കരിവേഷം എന്നിവ എഴുന്നള്ളിപ്പിന് അകമ്പടിയാകും. കിഴക്കുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പ് മല്ലിച്ചിറ അയ്യപ്പൻ കാവിൽനിന്ന് ഉച്ചക്ക് 12.30 ന് ആരംഭിക്കും. പുതുപ്പള്ളി കേശവൻ കോലമേന്തും. പ്രശസ്ത വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യവും നാടൻ കലാരൂപങ്ങളും എഴുന്നള്ളിപ്പിന് മാറ്റുകൂട്ടും.
പാമ്പാടി ദേശത്തിന്റെ പരിപാടികൾക്ക് ഉച്ചക്ക് 1.15ന് പാമ്പാടി മന്ദം ക്ഷേത്രത്തിൽനിന്നു മാണ് തുടക്കമാകുക. തിരുവമ്പാടി ചന്ദ്രശേഖരൻ പാമ്പാടി ദേശത്തിനുവേണ്ടി ഭഗവതിയുടെ തിടമ്പേറ്റും. പഞ്ചവാദ്യം, പൂതൻ, തിറ, വെള്ളാട്ട് എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് പാമ്പാടി സെന്ററിലെ പഞ്ചവാദ്യത്തിനുശേഷം ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ വടക്കേ നടയിലേക്കു നീങ്ങും. രാത്രി എട്ടിനും 9.30നും തിങ്കളാഴ്ച പുലർച്ചെ രണ്ടിനും നാലിനുമാണ് വെടിക്കെട്ട്.
തെച്ചിക്കോട്ടുകാവും തിരുവമ്പാടിയും പുതുപ്പള്ളിയും കോലമേന്തും
തിരുവില്വമല: പറക്കോട്ടുകാവ് താലപ്പൊലി എഴുന്നള്ളിപ്പിന് 21 ആനകൾ അണിനിരക്കും . കിഴക്കുമുറി, പടിഞ്ഞാറ്റുമുറി, പാമ്പാടി ദേശങ്ങൾക്ക് ഏഴ് ആനകൾ വീതം എഴുന്നള്ളിപ്പിൽ പങ്കെടുക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പടിഞ്ഞാറ്റുമുറി ദേശത്തിനുവേണ്ടി ഭഗവതിയുടെ തിടമ്പ് വഹിക്കും. കിഴക്കുമുറി ദേശത്തിന് പുതുപ്പള്ളി കേശവനും പാമ്പാടിക്ക് തിരുവമ്പാടി ചന്ദ്രശേഖരനും കോലമേന്തും.