റോബോട്ടിക് ആനയെ എഴുന്നള്ളിച്ച് കോർപറേഷന്റെ "മ്മ്ടെ പൂരം'
1547814
Sunday, May 4, 2025 6:48 AM IST
തൃശൂർ: പൂരത്തിനു മുന്നോടിയായി തൃശൂർ കോർപറേഷൻ സംഘടിപ്പിച്ച "മ്മ്ടെ പൂരം' പരിപാടി സംഘടിപ്പിച്ചു. റോബോട്ടിക് ആനയെയും നാടൻ കലാരൂപങ്ങളും അണിനിരത്തിയായിരുന്നു "മ്മ്ടെ പൂര'ത്തിന്റെ ഘോഷയാത്ര. മേയറും കൗണ്‍സിലർമാരും പങ്കെടുത്തു.
പരിപാടിയിൽ പങ്കെടുക്കാൻ ജീവനക്കാരെല്ലാം പോയതിനെതുടർന്ന് കോർപറേഷൻ ഓഫീസിൽ ജീവനക്കാരില്ലാതായി. കോർപറേഷനിലെ എൻജിനീയറിംഗ് സെക്ഷനിലടക്കം പല സെക്ഷനുകളും ഒഴിഞ്ഞുകിടന്നു.
"മ്മ്ടെ പൂര'ത്തിന്റെ പേരിൽ കോർപറേഷനിൽ അപ്രഖ്യാപിത അവധിയാണ് പ്രഖ്യാപിച്ചതെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു. സ്വരാജ് റൗണ്ടിൽ നടത്തിയ ഘോഷയാത്രയിൽ യഥാർഥ ആനയ്ക്കു പകരം റോബോട്ടിക് ആനയെ എഴുന്നള്ളിച്ചതിനെയും അദ്ദേഹം വിമർശിച്ചു. പ്ലാസ്റ്റിക് ആനയെ ഇറക്കി തൃശൂർ പൂരത്തെ കോർപറേഷൻ ഭരണസമിതി അപമാനിക്കുകയാണ് ചെയ്തത്. അപ്രഖ്യാപിത അവധി നൽകുന്നതു നിയമവിരുദ്ധമാണ്. വിഷയം കൗണ്‍സിലിൽ ഉന്നയിക്കുമെന്നും ചീഫ് സെക്രട്ടറിക്കും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.