അത്താണി വ്യവസായ എസ്റ്റേറ്റിലെ തേക്ക് മുറിച്ചതു വിജിലൻസ് അന്വേഷിക്കണം: കോൺഗ്രസ്
1547777
Sunday, May 4, 2025 6:36 AM IST
വടക്കാഞ്ചേരി: അത്താണി വ്യവസായ എസ്റ്റേറ്റിൽ തേക്ക് ഉൾപ്പെടെ മരങ്ങൾ മുറിച്ചിട്ട സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ്. വനംവകുപ്പിന്റെ അനുമതിയില്ലാതെ മുറിച്ച മരങ്ങൾ സിഡ്കോയുടെ റോഡിനരികിലുള്ള സ്ഥലത്ത് കൊണ്ടുവന്നിട്ടിരുന്നു.
സിഡ്കോയുടെയോ വനംവകുപ്പിന്റേയോ അനുമതിയില്ലാതെ റോഡിൽ നിൽക്കുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ച സംഭവത്തിലാണ് വിജിലൻസ് അന്വേഷണം വേണമെന്ന് നഗരസഭ പ്രതിപക്ഷനേതാവ് കെ. അജിത്കുമാർ ആവശ്യപ്പെട്ടത്.
ലക്ഷങ്ങൾ വിലവരുന്ന മരങ്ങളാണ് അനധികൃതമായി മുറിച്ചു കടത്താൻ ശ്രമിച്ചത്. സംഭവം വിവാദമായതോടെ സാമൂഹിക വനവത്കരണ വിഭാഗം ഉദ്യോഗസ്ഥരെത്തി വ്യവസായ എസ്റ്റേറ്റിൽ കിടക്കുന്ന തടികളുടെ അളവെടുത്ത് മൂല്യനിർണയം നടത്തി.