നാളെയാണിഷ്ടാ... മ്മ്ടെ പൂരം...
1548006
Monday, May 5, 2025 1:58 AM IST
തൃശൂർ: പൂരക്കന്പക്കാർ കാത്തുകാത്തിരിക്കുന്ന തൃശൂർ പൂരം നാളെ. ഇന്നുരാവിലെ നെയ്തലക്കാവ് ഭഗവതി തെക്കേഗോപുരനട തുറന്നു പൂരവിളംബരം നടത്തുന്നതോടെ എല്ലാ വഴികളും പൂരനഗരിയിലേക്ക്.
കാണാനും പറയാനും പൂരവിശേഷങ്ങൾ മാത്രം. രാവിലെ ഘടകപൂരങ്ങൾ ക്ഷേത്രസന്നിധിയിലേക്കു വന്നണയും. ഒപ്പം ജനാവലിയുടെ ഒഴുക്കുതുടങ്ങും. മഠത്തിലേക്കുള്ള തിരുവന്പാടിയുടെ പുറപ്പാട്, തിരിച്ചു നടുവിൽമഠത്തിൽനിന്നു പഞ്ചവാദ്യത്തിന്റെ അകന്പടിയോടെയുള്ള മഠത്തിൽവരവ്, പാറമേക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട്, ഇലഞ്ഞിത്തറമേളം, ലോകത്തെ മനോഹരകാഴ്ചയെന്ന് യുനെസ്കോ പോലും വാഴ്ത്തിയ തെക്കോട്ടിറക്കവും കുടമാറ്റവും,
രാത്രിയിൽ തീവെട്ടി വെളിച്ചത്തിൽ പകൽപ്പൂരങ്ങളുടെ ആവർത്തനങ്ങൾ, മാനത്ത് മാരവില്ല് വിരിയുന്ന പൂരം വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിഞ്ഞതിനുശേഷമുള്ള പകൽ വെടിക്കെട്ടും കഴിഞ്ഞു പൂരക്കഞ്ഞിയും കുടിച്ചുള്ള യാത്ര പറച്ചിൽ വരെ നഗരം പൂരത്തിലലിയും.