വടക്കാഞ്ചേരി മണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ അവലോകനം നടത്തി
1547991
Monday, May 5, 2025 1:58 AM IST
വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിലെ വിവിധ കിഫ്ബി പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. തിരുവനന്തപുരത്ത് കിഫ്ബി ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന യോഗത്തിൽ കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണി, സീനിയർ ജനറൽ മാനേജർ പി. ഷൈല, പ്രോജക്ട് മാനേജർ അഭിലാഷ്, കില, കിറ്റ്കോ, ഇൻകൽ, ഇംപാക്ട്, കെആർഎഫ്ബി ഉദ്യോഗസ്ഥരും വടക്കാഞ്ചേരി മുനിസിപ്പൽ എൻജിനീയറും പങ്കെടുത്തു.
വടക്കാഞ്ചേരി മണ്ഡലത്തിൽ കിഫ്ബി പണം ചെലവഴിക്കുന്ന പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിലയിരുത്തിയ യോഗത്തിൽ പദ്ധതികളുടെ നിർവഹണത്തിൽ ഉണ്ടാകുന്ന കാലതാമസംഒഴിവാക്കുന്നതിനാവശ്യമായ നിർദേശങ്ങൾ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നൽകി.
വടക്കാഞ്ചേരി മുനിസിപ്പാലിറ്റി മോഡേൺ ക്രിമറ്റോറിയം - 3.31 കോടി, അത്താണി ആധുനിക മാർക്കറ്റ് - 19.31 കോടി, ഓട്ടുപാറ ആധുനിക മാർക്കറ്റ് - 10.25 കോടി, പീച്ചി - വാഴാനി ടൂറിസം കോറിഡോർ - 88.65 കോടി, മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് - 199.4 കോടി, മദർ ആ ൻഡ് ചൈൽഡ് ബ്ലോക്ക് - 279.2 കോടി എന്നിവയാണു പ്രധാന പദ്ധതികൾ.
വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിയുടെ ഡിപിആർ ഒന്നര മാസത്തിനകം പൂർത്തീകരിച്ച് നൽകാമെന്ന് പൊതുമരാമത്ത് ഹൈവേ ഡിസൈൻ യൂണിറ്റ് ഉറപ്പുനൽകി. കെ - റെയിൽ തയാറാക്കിയ റെയിൽവേ മേൽപ്പാലത്തിന്റെ ജിഎഡി അംഗീകാരത്തിനായി ദക്ഷിണ റെയിൽവേ അധികൃതർക്കു സമർപ്പിച്ചു. ജിഎഡി റെയിൽവേ അംഗീകരിക്കുന്നതിന് ആവശ്യമായ സെന്റേജ് ചാർജ് അടയ്ക്കുന്നതിന് കെആർഎഫ്ബിയും കിഫ്ബിയും തമ്മിൽ ധാരണയായി.
വടക്കാഞ്ചേരി ബോയ്സ് എച്ച്എസ്എസിൽ ശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾപൂർത്തിയാക്കുന്നതിന് കിറ്റ്ക്കോ അധികൃതർക്ക് എംഎൽഎ നിർദേശം നൽകി. വാട്ടർ അഥോറിറ്റിയുടെ കിഫ്ബി അനുവദിച്ച ജലവിതരണ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിന് യോഗത്തിൽ തീരുമാനമായി.