ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം
1547780
Sunday, May 4, 2025 6:36 AM IST
അരിപ്പാലം: തോപ്പില്‍ കോമ്പരുപറമ്പില്‍ ഭദ്രകാളി ഭുവനേശ്വരി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം. ഭദ്രകാളി, വിഷ്ണുമായ ക്ഷേത്രങ്ങള്‍ക്ക് മുന്നിലെ ഭണ്ഡാരങ്ങളാണ് പൂട്ടുപൊളിച്ച് മോഷണം നടന്നിരിക്കുന്നത്.
ഏപ്രില്‍ 25, 26 തീയതികളിലായിരുന്നു ഉത്സവം. രാവിലെ ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഏകദേശം 25,000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉത്സവത്തിന് വിഷ്ണുമായയുടെ ഭണ്ഡാരം തുറന്നപ്പോള്‍ 16,500 രൂപ ലഭിച്ചിരുന്നു.
കഴിഞ്ഞ തവണത്തേക്കാളും ഇത്തവണ ഭണ്ഡാരവരവ് കൂടുതലാണെന്നും അതിനാല്‍ 20,000ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ഭദ്രകാളിയുടെ ഭണ്ഡാരത്തില് നിന്നും അയ്യായിരം രൂപയോളം പോയിട്ടുണ്ടെന്നാണ് കരുതുന്നത്. സംഭവത്തെതുടര്‍ന്ന് കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഭണ്ഡാരങ്ങള്‍ തുറക്കാനായി കൊണ്ടുവന്നുവെന്ന് കരുതുന്ന ഒരു താക്കോല്‍ കൂട്ടം ക്ഷേത്ര പരിസരത്തുനിന്നും ലഭിച്ചത് ഭാരവാഹികള്‍ പോലീസിന് കൈമാറി.