തിരുവെങ്കിടം ക്ഷേത്രത്തില്‍ ബ്രഹ്മോത്സവം നാളെ കൊടിയേറും
1547416
Saturday, May 3, 2025 1:54 AM IST
ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് നാളെ കൊടിയേറുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തിന് മുന്നോടിയായി ഇന്നലെ ആരംഭിച്ച താന്ത്രികചടങ്ങുകൾ നാളെ രാവിലെ ബ്രഹ്മകലശാഭിഷേകത്തോടെ സമാപിക്കും.
സന്ധ്യക്ക് ദീപാരാധനയ്ക്കുശേഷം കൊടിയേറ്റം നടക്കും. വൈകിട്ട് 6.30 ന് സാംസ്കാരിക സമ്മേളനം ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. മാനവേദ സുവർണമുദ്ര ജേതാവ് രാജു കലാനിലയത്തെ ആദരിക്കും. തുടർന്ന് നൃത്തനൃത്യങ്ങൾ അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ സോപാന സംഗീതം, നാരായണീയ പാരായണം, തിരുവാതിരക്കളി, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ നടക്കും.
5,6,7 ദിവസങ്ങളിൽ ഗുരുവായൂർ ഗോപൻമാരാർ, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കോട്ടപ്പടി രാജേഷ് മാരാര്‍ തുടങ്ങിയവര്‍ തായമ്പക അവതരിപ്പിക്കും. ഏഴിന് ഉത്സവബലി നടക്കും. എട്ടിന് പള്ളിവേട്ടയാണ്. ഒൻപതിന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. ഉത്സവ ദിവസങ്ങളില്‍ ദിവസവും ഉച്ചയ്ക്കും രാത്രിയും അന്നദാ നവും ഉണ്ടാകും.
ക്ഷേത്രസമിതി ഭാരവാഹികളായ ശശി വാറണാട്ട്, ബാലന് വാറണാട്ട്, രാജു കലാനിലയം, വിനോദ്കുമാർ അകമ്പടി, പ്രഭാകരൻ മണ്ണൂർ എന്നിവർ പത്രസമ്മേള നത്തിൽ പങ്കെടുത്തു.