ഇത്തവണ പൂരം ആദ്യമായി നേരിൽകാണും: സുരേഷ് ഗോപി
1548008
Monday, May 5, 2025 1:58 AM IST
തൃശൂർ: പൂരവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിലെ അവകാശങ്ങൾക്കൊന്നും തടസമുണ്ടാകില്ലെന്നും ജില്ലാ ഭരണകൂടത്തിന് ഉത്തരവാദിത്തം നൽകിയാണ് ഇക്കുറി വെടിക്കെട്ടിന് ഇളവുനൽകിയതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഭക്തരും ആസ്വാദകരും സഹകരിച്ച് അച്ചടക്കത്തോടെ കൊണ്ടുപോയാൽ വരുംവർഷവും കൂടുതൽ ഇളവുകൾ നേടാൻകഴിയും. ആചാരങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങൾക്കു തടസമുണ്ടാകാതെ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നു മന്ത്രിയോടു സൂചിപ്പിക്കും.
പൂരം കാണാൻ കൂടുതൽ പേർക്കു സൗകര്യമുണ്ടാക്കണമെന്ന് ആവശ്യപ്പെടാനിരിക്കുന്പോഴാണു കഴിഞ്ഞമാസം ഗുജറാത്തിൽ പടക്കനിർമാണശാലയിൽ അപകടമുണ്ടായത്. ഈ സാഹചര്യത്തിൽ വെടിക്കെട്ട് നിയന്ത്രണങ്ങളിൽ ഇളവുനൽകുന്നത് ബുദ്ധിമുട്ടാണ്.
പൂരപ്പറന്പിൽ രാഷ്ട്രീയ-മത-ജാതിചിഹ്നങ്ങൾ പ്രദർശിപ്പിക്കരുതെന്ന നിർദേശം നല്ലതാണ്. ചിഹ്നങ്ങൾ, പോസ്റ്ററുകൾ എന്നിവയുടെ കാര്യത്തിൽ അതിരു നിശ്ചയിക്കണം. ഇതുവരെ ടിവിയിലാണു പൂരം കണ്ടത്. വെടിക്കെട്ട് അകലെനിന്നാണു കണ്ടത്. ഇക്കുറി എല്ലാവരെയുംപോലെ അനുവദിക്കപ്പെട്ട അകലത്തിൽനിന്ന് പൂരം കാണാൻ ആഗ്രഹമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.