ചെട്ടിക്കാട് തിരുനാൾ 13ന്, കൊടിയേറ്റം ചൊവ്വാഴ്ച
1547406
Saturday, May 3, 2025 1:53 AM IST
കൊടുങ്ങല്ലൂർ: കിഴക്കിന്റെ പാദുവ എന്ന് അറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രത്തിൽ 13നു നടക്കുന്ന ചരിത്രപ്രസിദ്ധമായ ഊട്ടുതിരുനാളിനു ചൊവ്വാഴ്ച കൊടികയറും. രാവിലെ 10.15ന് ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി കൊടിയേറ്റുകർമം നിർവഹിക്കും. തുടർന്ന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ ഫാ. ബെഞ്ചമിൻ ജൈജു ഇലഞ്ഞിക്കൽ വചനപ്രഘോഷണം നടത്തും. രാവിലെ 6.15 മുതൽ വൈകീട്ട് 6.30 വരെ തുടർച്ചയായി ദിവ്യബലി, നൊവേന, ആരാധന എന്നിവ നടക്കും. തുടർന്നുള്ള ദിനങ്ങളിൽ രാവിലെ ഏഴിനു ദിവ്യബലിയും വൈകീട്ട് 5.30ന് ദിവ്യബലി, നൊവേന.
പത്തിന് ഇടവകദിനം. വൈകീട്ട് 5.30ന് നടക്കുന്ന ദിവ്യബലിക്ക് ഇടവകയിലെ വൈദികർ കാർമികരാകും. തുടർന്ന് കുടുംബ യൂണിറ്റുകളുടെ സംയുക്തവാർഷികം.
11നു രാവിലെ 10ന് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, ഫാ. വിൻസെന്റ് വാരിയത്ത് വചനസന്ദേശം നൽകും. ഈ വർഷത്തെ തിരുനാളിനോടനുബന്ധിച്ചുനടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തിരുശേഷിപ്പ് പ്രതിഷ്ഠയുടെ സുവർണജൂബിലിയോടനുബന്ധിച്ച് നിർധനരായ ഒരു കുടുംബത്തിനു നിർമിച്ചുനൽകുന്ന കാരുണ്യഭവനത്തിന്റെ താക്കോൽദാനവും ബിഷപ് നിർവഹിക്കും.
13നാണ് ഊട്ടുതിരുനാൾ. രാവിലെ 10.15ന് കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഊട്ടുനേർച്ച ആശീർവദിക്കും. തുടർന്ന് ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി, ഫാ. ജോസ് തോമസ് വചനസന്ദേശം നൽകും. തീർഥാടകർക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി റെക്ടർ റവ.ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. അജയ് ആന്റണി പുത്തൻപറമ്പിൽ, ഫ്രാൻസിസ് കുറുപ്പശേരി, ആൽബി പടമാട്ടുമ്മൽ, ബീനൻ താണിപ്പിള്ളി, ആന്റണി കല്ലറയ്ക്കൽ, അലക്സ് പള്ളിയിൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.