സഹൃദയയ്ക്കു വീണ്ടും ഐസിടിഎകെ അംഗീകാരം
1547410
Saturday, May 3, 2025 1:53 AM IST
കൊടകര: സഹൃദയ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി, കേരള സര്‍ക്കാര്‍ സ്ഥാപിച്ച ഐസിടി അക്കാദമി ഓഫ് കേരളയുടെ (ഐസിടിഎകെ) പ്രീമിയം അംഗത്വം നാലാംവര്‍ഷവും തുടര്‍ച്ചയായി നിലനിര്‍ത്തി.
സംസ്ഥാനത്തെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഏതാനും സ്ഥാപനങ്ങള്‍ക്കുമാത്രം ലഭിക്കുന്ന ഈ അംഗീകാരം, സഹൃദയയുടെ അക്കാദമിക സാങ്കേതികമികവിന്റെ പ്രതീകമായി വിലയിരുത്തപ്പെടുന്നു. ഉയര്‍ന്ന വിജയം നേടുന്ന വിദ്യാര്‍ത്ഥികളുടെ ശതമാനം, അധ്യാപകരുടെ നിലവാരം (ഐഐടി, എന്‍ഐടി, എല്‍എസ്ഇ പോലുള്ള മുന്‍നിരസ്ഥാപനങ്ങളില്‍ പരിശീലനം നേടിയവര്‍), ആധുനിക കമ്പ്യൂട്ടിംഗ് ലാബുകള്‍, ശക്തമായ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം, കൂടുതല്‍ അഡ്മിഷന് തുടങ്ങി നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് സഹൃദയയ്ക്ക് ഈ നേട്ടം കരസ്ഥമാക്കാനായത്.
പുതിയ സംരംഭങ്ങള്‍ക്കുള്ള വഴികള്‍ തുറക്കാനും കേരളത്തിന്റെ ടെക് ഭാവിയെ നയിക്കാനും ഈ അംഗീകാരം സഹൃദയയെ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.