ചാലക്കുടി താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി
1547417
Saturday, May 3, 2025 1:54 AM IST
ചാലക്കുടി: രാത്രികാലങ്ങളിൽ ഗവ. താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിക്കുന്ന ഫാർമസി പ്രവർത്തനമാരംഭിച്ചു.
രാത്രി സമയത്ത് ആശുപത്രിയിൽ വരുന്ന രോഗികളുടേയും കൂടെ വരുന്നവരുടേയും ഏറെ കാലത്തെ ആവശ്യമായിരുന്നു ഈ സൗകര്യം ഉണ്ടാകുകഎന്നുള്ളത്.രാത്രി സമയത്ത് വരുന്നവർക്ക് ഡോക്ടർ നിർദേശിക്കുന്ന മരുന്ന് പുറത്തുള്ള മെഡിക്കൽ ഷോപ്പുകളിൽ ചെന്ന് പണം കൊടുത്ത് വാങ്ങണമായിരുന്നു. മാത്രമല്ല അസമയങ്ങളിൽ പുറത്ത് മെഡിക്കൽ ഷോപ്പുകൾ ഒന്നും പ്രവർത്തിക്കാത്തതിനാൽ പലപ്പോഴും രോഗികളായി എത്തുന്നവരും ബന്ധുക്കളും മരുന്നിനായി നെട്ടോട്ടം ഓടുന്ന വളരെ പ്രയാസകരമായ സാഹചര്യമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിതന്നെ ശമ്പളം കൊടുത്ത് ഫാർമസിസ്റ്റിനെ നിയമിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി തുടങ്ങാൻ തീരുമാനിച്ചത്.
നിലവിൽ രാവിലെ മുതൽ ആരംഭിക്കുന്ന ഒപി സമയത്ത് മാത്രമാണ് ഫാർമസി പ്രവർത്തിച്ചിരുന്നത്. ഡിപ്പാർട്ട്മെന്റ് തലത്തിൽ ലഭിക്കുന്ന മരുന്നിന് പുറമെ നഗരസഭയുടെ പദ്ധതി ഫണ്ട് ഉപയോഗിച്ചു വാങ്ങുന്നതും നഗരസഭ താലൂക്ക് ആശുപത്രി വഴി നടത്തുന്ന പാലിയേറ്റീവ് പദ്ധതി പ്രകാരം വാങ്ങുന്നതുമായ മരുന്നും ഉള്ളതിനാൽ ഫാർമസിയിൽ മരുന്ന് ക്ഷാമം ഉണ്ടാകാനും സാധ്യതയില്ല.
പഴയ കാഷ്വാലിറ്റി ബ്ലോക്കിലാണ് പുതിയ ഫാർമസി സൗകര്യം ഒരുക്കിയിട്ടുള്ളത്. ഫാർമസിയുടെ ഉദ്്ഘാടനം നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ നിർവഹിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപു ദിനേശ് അധ്യക്ഷനായി.
ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ, ഫാർമസി ഇൻചാർജ് പി.കെ. സുബ്രമണ്യൻ, പാലിയേറ്റീവ് നഴ്സ് സിനി എന്നിവർ പ്രസംഗിച്ചു.