നൂറുകണക്കിനു പപ്പായകൾ നശിപ്പിച്ചു
1547808
Sunday, May 4, 2025 6:48 AM IST
കൊറ്റനെല്ലൂര്‍: വേളൂക്കര പഞ്ചായത്തിലെ കൊറ്റനെല്ലൂര്‍ ശിവഗിരി അമ്പലത്തിനുസമീപം കര്‍ഷകന്റെ ആയിരത്തോളം വരുന്ന പപ്പായ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
കാനാട്ടില്‍ ഭഗവന്‍ എന്നയാളുടെ ഐസ്ബെറി എന്ന ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട പാകമായതും അല്ലാത്തതുമായ പപ്പായകളാണ് വടി ഉപയോഗിച്ചും മറ്റും തല്ലിക്കൊഴിച്ച് നശിപ്പിച്ചത്.
വിദേശവിപണിയില്‍ ഡിമാന്‍ഡുള്ള മുന്നൂറോളം ഐസ്ബെറി ഹൈബ്രിഡ് ഇനത്തിലുളള പപ്പായകളാണ് നശിപ്പിച്ചത്. വേളൂക്കര പഞ്ചായത്തിലെ മികച്ച കര്‍ഷകനാണ് ഭഗവാന്.
മുളവടി കൊണ്ട് തല്ലിക്കൊഴിച്ചതിന്റെ പാടുകളുണ്ട്. മരത്തില്‍ ചവിട്ടിയിട്ടുമുണ്ട്. ഇതുസംബന്ധിച്ച് ആളൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേളൂക്കര കൃഷിഭവന് അധികൃതര്‍ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി. ഏകദേശം അരലക്ഷത്തിലേറെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.