സർവസന്നാഹങ്ങളുമായി ആരോഗ്യവകുപ്പ്
1547809
Sunday, May 4, 2025 6:48 AM IST
തൃശൂർ: തൃശൂർ പൂരത്തിനു സർവസന്നാഹങ്ങളുമായി ആരോഗ്യവകുപ്പ്. ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയിട്ടുള്ളത്. പൂരം പ്രത്യേക ഡ്യൂട്ടിയ്ക്കായി ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരുമടക്കം അഞ്ഞൂറോളം പേരെ നിയോഗിച്ചിട്ടുണ്ട്.
സാന്പിൾ വെടിക്കെട്ടിനു ജനറൽ ആശുപത്രി ജംഗ്ഷൻ, എംഒ റോഡ് ജംഗ്ഷൻ, കുറുപ്പം റോഡ് ജംഗ്ഷൻ, നായ്ക്കനാൽ ജംഗ്ഷൻ എന്നീ നാലു പ്രധാന പോയിന്റുകൾക്ക് എതിർവശത്തായി മെഡിക്കൽ സംഘങ്ങൾ ഉണ്ടായിരിക്കും. അഞ്ചു 108 ആംബുലൻസുകളുടെയും ആക്ട്സ് സംഘടനയുടെ നാലു ആംബുലൻസുകളുടെയും സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
ജനറൽ ആശുപത്രിയിൽ
തൃശൂർ ജനറൽ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർമാർ, നഴ്സിംഗ് ഓഫീസർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, നഴ്സിംഗ് വിദ്യാർഥികൾ, വോളന്റിയർമാർ എന്നിവരുൾപ്പെടുന്ന ആയിരംപേരെ രണ്ടു ദിവസങ്ങളിലായി നാലു ഷിഫ്റ്റുകളിൽ കൂടുതലായി ജോലിക്കു നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ആശുപത്രികളിൽനിന്നും സർക്കാർ മെഡിക്കൽ കോളജിൽനിന്നുമുള്ള സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. ജനറൽ ആശുപത്രിയിൽ 70 ബെഡുകളും കൂടുതലായി ഒരുക്കി.
സ്വരാജ് റൗണ്ടിലും പരിസരത്തും
സ്വരാജ് റൗണ്ടിലെ ബാറ്റാ, ന്യൂ കേരള ടൈം ഹൗസ്, ധനലക്ഷ്മി ബാങ്ക്, പഴയ സപ്ന തിയറ്റർ, ഹൈറോഡ് ജംഗ്ഷൻ എന്നീ അഞ്ചു പ്രധാന പോയിന്റുകൾക്ക് എതിർവശത്തായി പോലീസ് കം മെഡിക്കൽ എയ്ഡ് പോസ്റ്റ് സജ്ജീകരിച്ചു. ഇവിടെ ആംബുലൻസ് സൗകര്യമടക്കമുള്ള മെഡിക്കൽ സംഘങ്ങൾ ഉണ്ടായിരിക്കും.
കൂടാതെ സിവിൽ പോലീസ് ഓഫീസർ, ആരോഗ്യപ്രവർത്തകർ, മരുന്നുകൾ, ഓക്സിജൻ സിലിണ്ടർ, മറ്റു ചികിത്സാ ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടെ 65 ആംബുലൻസുകൾ വൈദ്യസഹായം നല്കാൻ സജ്ജമായി പൂരപ്പറന്പിനു സമീപങ്ങളിൽ ഉണ്ടായിരിക്കും. സർക്കാർ മെഡിക്കൽ കോളജിൽനിന്നുള്ള 50 പേരടങ്ങുന്ന സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘത്തിന്റെ സേവനം പൂരം കണ്ട്രോൾ റൂമിലെ മെഡിക്കൽ പവലിയനിൽ പൂരദിവസങ്ങളിലുടനീളം ഉണ്ടായിരിക്കും.
ഇലഞ്ഞിത്തറയ്ക്കടുത്തും തെക്കോട്ടിറക്കസമയത്തും
ഇലഞ്ഞിത്തറമേളം സമയത്തു ക്ഷേത്രത്തിനകത്ത് ഒരു മെഡിക്കൽ ടീം ഉണ്ടായിരിക്കും. സണ് മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ, ആത്രേയ ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെ തെക്കോട്ടിറക്കം നടക്കുന്പോൾ പടിഞ്ഞാറുഭാഗത്ത് രണ്ടു മെഡിക്കൽ സംഘങ്ങളെയും സജ്ജമാക്കും. തൃശൂരിലെയും സമീപപ്രദേശങ്ങളിലെയും പ്രധാനപ്പെട്ട എല്ലാ സ്വകാര്യ ആശുപത്രികളിലും അടിയന്തര സാഹചര്യങ്ങളെ നേരിടുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.