വസന്തംവിരിയിക്കാൻ വർണക്കുടകൾ ഒരുങ്ങുന്നു
1546924
Wednesday, April 30, 2025 7:12 AM IST
തൃശൂർ: കാത്തുകാത്തിരുന്ന ഒരു പൂരംകൂടി പടിവാതിക്കൽ എത്തിനിൽക്കവേ എല്ലാ കണ്ണുകളും കാത്തിരിക്കുന്നതു കരിവീരന്മാരുടെ പുറത്തേറാൻ പോകുന്ന വർണക്കുടകളിലേക്കാണ്. അസ്തമയസൂര്യൻ വിടപറയുംമുൻപേ നെറ്റിപ്പട്ടംകെട്ടിയ കൊന്പന്റെ മുകളിൽ ഉദയസൂര്യന്റെ ശോഭയിൽ തിളങ്ങി നിൽക്കുന്ന ഈ പട്ടുകുടകൾ പൂരാഘോഷത്തിനു നൽകുന്ന ആവേശം ചെറുതൊന്നുമല്ല.
വർണങ്ങൾ വാരിവിതറി നിമിഷനേരങ്ങൾകൊണ്ടുതന്നെ മിന്നിമറയുന്ന ഈ പട്ടുകുടകൾ മാസങ്ങൾ നീണ്ട കഠിനപ്രയ്തനങ്ങൾക്കുശേഷമാണ് പൂരപ്രേമികൾക്കുമുൻപിൽ എത്തുന്നത്. ഇതിനായി അണിയറയിൽ തിരക്കിട്ട പണികളിലാണ് തൊഴിലാളികൾ. 50 സെറ്റ് കുടകളാണ് ഓരോ ദേവസ്വങ്ങളും പൂരത്തിനായി ഒരുക്കുന്നത്.
കുടകളിൽ വസന്തം നിറയും വസന്തനിലൂടെ
പാറമേക്കാവ് ദേവസ്വത്തിന്റെ പൂരക്കുടകളുടെ നിർമാണം ഈ വർഷവും വസന്തൻ കുന്നത്തങ്ങാടിയുടെ കൈകളിൽ ഭദ്രമാണ്. പൂരപ്രേമികൾ വസന്തേട്ടൻ എന്നു സ്നേഹത്തോടെ വിളിക്കുന്ന കുന്നത്തങ്ങാടി കിഴക്കേപ്പുരയ്ക്കൽ വസന്തൻ പാറമേക്കാവിനുവേണ്ടി ഇത് 45-ാം വർഷമാണ് കുടകൾ ഒരുക്കുന്നത്.
പൂരക്കുടകളുടെ നിർമാണത്തിൽ അച്ഛൻ കുട്ടപ്പന്റെ വഴിതന്നെ സ്വീകരിച്ച വസന്തൻ തന്റെ 20 ാാം വയസിലായിരുന്നു കുടനിർമാണവുമായി തൃശൂർ പൂരത്തിലേക്കു ചുവടുവയ്ക്കുന്നത്. പിന്നീട് നാളിതുവരെ പൂരപ്രേമികളുടെ ആവേശത്തിന് ഒരിക്കൽപ്പോലും കോട്ടംപറ്റാതെ സൂക്ഷ്മമായി മാരിവിൽവർണങ്ങൾ നെയ്തെടുക്കാൻ വസന്തനും സംഘത്തിനും സാധിച്ചിട്ടുണ്ട്. ഈ വർഷം ഇരുപതോളം തൊഴിലാളികൾക്കൊപ്പം മൂന്നുമാസങ്ങൾക്കുമുൻപ് ആരംഭിച്ച കുടനിർമാണം അവസാനഘട്ടത്തിലാണ്. രണ്ടുമുതൽ മൂന്നുദിവസംവരെയാണ് ഓരോ കുടയും നിർമിക്കാനെടുക്കുന്ന സമയം.
പുരുഷോത്തമനെന്നും പൂരാവേശം
പൂരക്കുടനിർമാണത്തിൽ 46 വർഷത്തെ അനുഭവസന്പത്തുള്ള പുരുഷോത്തൻ അരണാട്ടുകര തന്നെയാണ് ഈ വർഷവും തിരുവന്പാടിക്കായി കുടനിർമാണത്തിനു ചുക്കാൻ പിടിക്കുന്നത്. 30 വർഷത്തോളം പാറമേക്കാവ് ദേവസ്വത്തിനായി കുട നിർമിച്ചിരുന്ന പുരുഷോത്തമൻ ഇത് 16-ാം വർഷമാണ് തിരുവന്പാടിക്കുവേണ്ടി കുട നിർമിക്കുന്നത്.
15 തൊഴിലാളികൾക്കൊപ്പം മൂന്നുമാസങ്ങൾക്കുമുൻപ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ച ഇദ്ദേഹവും സംഘവും രാവിലെ ആറിനുതന്നെ കുടനിർമാണം ആരംഭിക്കും. ആറാട്ടുപുഴ പൂരത്തിനുപിറകെയാണ് തൃശൂർ പൂരത്തിന്റെ കുടനിർമാണവുമായി പണിപ്പുരയിൽ സജീവമായത്. എല്ലാ സമയവും പൂരവുമായി ബന്ധപ്പെട്ട നിർമാണങ്ങളിൽ മുഴുങ്ങുന്നതിനാൽതന്നെ തനിക്കും സംഘത്തിനും എന്നും പൂരാവേശമാണെന്നും പുരുഷോത്തമൻ പറഞ്ഞു.
പുതുമയാണ് മെയിൻ
പട്ടുകുടകളിൽ പുതുമതേടുന്ന ഇരുകൂട്ടരും ഇത്തവണയും നിറങ്ങൾകൊണ്ട് മായാജാലം ഒരുക്കാനുള്ള തിരക്കിലാണ്. വെൽവെറ്റ്, സാറ്റിൻ, ബ്രോക്കേഡ് തുടങ്ങിയ തുണികൾ സൂററ്റിൽനിന്നുമാണ് എത്തിക്കുന്നത്. 15 കുടകളാണ് ഓരോ സെറ്റിലും ഉണ്ടാകുക. അത്തരത്തിൽ 50 സെറ്റ് കൂടുകൾ ഉണ്ടായിരിക്കും. മറ്റു കുടകളിൽനിന്നു വ്യത്യസ്തമായി കന്പിക്കുപകരം ചൂരൽകൊണ്ട് ഫ്രെയിം തീർത്ത് അതിലേക്കാവശ്യമായ തുണി മുറിച്ചെടുത്ത് സ്റ്റിച്ച് ചെയ്ത് അലുക്കുകൾ പിടിപ്പിച്ചാണ് ഓരോ കുടയും ഒരുക്കുന്നത്. ഇതിനായി ഒരു കുടയ്ക്കുമാത്രം മൂന്നുമീറ്ററോളം തുണിയുടെ ആവശ്യം വരും.
ശേഷം പൂരപ്പറന്പിൽ
പട്ടുകുടകൾക്കുപുറമെ പൂരപ്രേമികളെ ആവേശംകൊള്ളിക്കുന്ന സ്പെഷൽ കുടകൾ അണിയറയിൽ അതീവരഹസ്യമായും ഇരുദേവസ്വങ്ങൾക്കായി പലരും സജ്ജമാക്കുന്നുണ്ട്. അതുകാണാൻ പൂരദിനംവരെ കാത്തിരിക്കണമെന്നുമാത്രം.
സി.ജി. ജിജാസൽ