തൃശൂർ പൂരം ഇന്നു കൊടിയേറും
1546923
Wednesday, April 30, 2025 7:12 AM IST
തൃശൂർ: തൃശൂർ പൂരത്തിന് ഇന്നു കൊടിയേറും. എട്ടു ഘടകക്ഷേത്രങ്ങളിലും ഇന്നു പൂരം കൊടിയേറ്റം നടക്കും.അതോടെ നാടും നഗരവും പൂരലഹരിയിലാവും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവന്പാടിയിൽ ഇന്നുരാവിലെ 11.30നും 12നുമിടയിലും പാറമേക്കാവിൽ 12നും 12.30നുമിടയിലുമാണ് കൊടിയേറ്റം.
ഘടകക്ഷേത്രങ്ങളിൽ ലാലൂർ കാർത്യായിനി ക്ഷേത്രത്തിൽ രാവിലെ എട്ടിനും 8.30നുമിടയിലാണ് കൊടികയറുക. ഉച്ചയ്ക്കു11നും 11.30നുമിടയിൽ അയ്യന്തോൾ കാർത്യായിനിക്ഷേത്രത്തിൽ കൊടിയേറും. കണിമംഗലം ശാസ്താക്ഷേത്രത്തിലും കിഴക്കുംപാട്ടുകര പനമുക്കുംപള്ളി ധർമശാസ്താക്ഷേത്രത്തിലും കുറ്റൂർ നെയ്തലക്കാവിലും വൈകീട്ട് 6.30നും ഏഴിനുമിടയിൽ കൊടിയേറും. ചെന്പുക്കാവ് കാർത്യായിനി ക്ഷേത്രത്തിൽ വൈകീട്ട് 5.30നും ആറിനുമിടയിലാണ് കൊടിയേറ്റം. ചുരക്കോട്ടുകാവിലമ്മക്ഷേത്രത്തിൽ വൈകീട്ട് 7.30നും രാത്രി എട്ടിനുമിടയിലാണ് കൊടികയറുക.
സ്വന്തം ലേഖകൻ
ആദ്യം കൊടിയേറുക ലാലൂർ ക്ഷേത്രത്തിൽ
തൃശൂർ: ലാലൂർ കാർത്യായനിദേവി ക്ഷേത്രത്തിൽ പൂരം കൊടിയേറ്റം ഇന്നു രാവിലെ എട്ടിനും 8.30നും മധ്യേ തന്ത്രി പുലിയന്നൂർ കൃഷ്ണൻനമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കുമെന്നു പ്രസിഡന്റ് രവീന്ദ്രൻ ചെറുശേരി പത്രസമ്മേളനത്തിൽ പറഞ്ഞു.
തൃശൂർ പൂരം ഘടകക്ഷേത്രങ്ങളിൽ ആദ്യം കൊടിയേറ്റുന്ന ക്ഷേത്രമാണിത്. പൂരം നാളിൽ പുലർച്ചെ താന്ത്രികപൂജകൾക്കുശേഷം മൂന്ന് ആനകളുടെയും പഞ്ചവാദ്യം, നാഗസ്വരം എന്നിവയുടെയും അകമ്പടിയിൽ ആരംഭിക്കുന്ന എഴുന്നള്ളിപ്പ് നടുവിലാലിൽ എത്തുമ്പോൾ ആനകളുടെ എണ്ണം ഒന്പതാകും.
പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി വടക്കുന്നാഥനെ വണങ്ങി തെക്കേഗോപുരനടയിലൂടെ കടന്ന് ക്ഷേത്രത്തിലേക്കു തിരിക്കും. വൈകീട്ട് 6.30നു വീണ്ടുമെത്തി ചടങ്ങ് ആവർത്തിച്ചു തിരിച്ചുപോരും. ഉത്രംവിളക്കു കഴിഞ്ഞു കൊടിയിറങ്ങുന്നതോടെ പൂരച്ചടങ്ങുകൾ സമാപിക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ രഞ്ജിത് പുളിക്കത്തറ, ബിന്ദു സുരേഷ്, എം.സി. സുന്ദരൻ എന്നിവരും പങ്കെടുത്തു.
രാമനില്ലാതെ എന്തു തൃശൂർ പൂരം?
തൃശൂർ: കാത്തിരിപ്പുകൾക്ക് വിരാമംകുറിച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂർ പൂരത്തിന് എത്തുന്നു. ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് രാമൻ ഇത്തവണ പൂരനഗരിയിൽ എത്തുക. ഇതാദ്യമായാണ് ചെമ്പുക്കാവിനുവേണ്ടി രാമൻ തിടമ്പേറ്റുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇക്കുറി പൂരത്തിനു ഉണ്ടാകുമോ എന്ന ആശങ്കകൾക്കും സംശയങ്ങൾക്കുമാണ് ഇതോടെ ചെമ്പുക്കാവ് ദേശം മറുപടി നൽകിയിരിക്കുന്നത്.
രാമനെ പൂരത്തിന് എഴുന്നള്ളിക്കാൻ തീരുമാനിച്ചതോടെ ആരാധകർ ആവേശത്തിലാണ്. പൂരം ദിവസം രാവിലെ ക്ഷേത്രത്തിൽനിന്നു പഞ്ചവാദ്യത്തോടെ പുറപ്പെട്ട് ജവഹർ ബാലഭവൻ ജംഗ്ഷനിലൂടെ കടന്നു ടൗൺഹാളിനുമുന്നിലൂടെ പാറമേക്കാവ് ക്ഷേത്രത്തിനു മുൻവശത്തെത്തി കിഴക്കേ ഗോപുരം കടന്ന് മതിൽക്കെട്ടിനകത്തു പഞ്ചവാദ്യം കൊട്ടിക്കലാശിക്കും. തുടർന്ന് ചെമ്പുക്കാവ് ഭഗവതി പാണ്ടിമേളത്തോടെ തെക്കേഗോപുരനട ഇറങ്ങും. തുടർന്ന് തെക്കേ ഗോപുരനടയ്ക്കു പുറത്ത് പാണ്ടിമേളം കുട്ടിക്കലാശിക്കും.
ഈ സമയത്തെല്ലാം രാമനായിരിക്കും ഭഗവതിയുടെ തിടമ്പേറ്റുക. രാത്രിപ്പൂരത്തിനു രാമൻ ഉണ്ടാവില്ല.
കുടനിർമാണത്തിലെ സ്ത്രീസാന്നിധ്യം
പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റത്തിൽ ഈ വർഷവും സ്ത്രീ തൊഴിലാളികളായ നാലംഗസംഘം ഇടംപിടിച്ചിട്ടുണ്ട്. ഫാഷൻ ഡിസൈനിംഗിനുശേഷം വിദേശത്തേക്കു പറക്കാൻ ജർമൻപഠനവുമായി മുന്നോട്ടുപോകുന്ന കണ്ടശാംകടവ് സ്വദേശിനി സ്നേഹയും മേക്കപ്പ് ആർട്ടിസ്റ്റായി മുന്നേറുന്ന ചേലക്കര പുലാക്കോട് സ്വദേശിനി നജ്മയും വീട്ടിൽതന്നെ ഫാഷൻ ഡിസൈനിംഗ് വർക്ക് ചെയ്യുന്ന ചേറൂർ ചിറ്റപ്പറന്പിൽ വിനീതയും ഇതു മൂന്നാംവർഷമാണ് കുടനിർമാണത്തിനു വസന്തനൊപ്പം എത്തുന്നത്.
ഫാഷൻ ഡിസൈനിംഗ് സെന്ററിലെ അധ്യാപകൻവഴിയാണ് സ്നേഹയും നജ്മയും കുടനിർമാണത്തിലേക്ക് എത്തിയതെങ്കിൽ സുഹൃത്ത് വഴിയാണ് വിനീതയുടെ കടന്നുവരവ്. തുടക്കത്തിൽ പല പ്രതിസന്ധികൾ നേരിട്ടെങ്കിലും ഇപ്പോൾ എല്ലാവരുടെയും പിന്തുണയുണ്ടെന്നു നജ്മ പറഞ്ഞു. ഇവർക്കൊപ്പം 52 വയസുകാരി ചെറുവത്തേരി സ്വദേശി ലതികയും പൂരക്കുടനിർമാണത്തിലേക്ക് ഈ വർഷം ചുവടുവച്ചിട്ടുണ്ട്. ഫാൻസി നെറ്റിപ്പട്ടം നിർമിച്ചിരുന്ന ലതിക പൂരത്തോടുള്ള ഇഷ്ടവും പൂരക്കുടയുടെ നിർമാണം പഠിക്കാനുള്ള ആഗ്രഹവുംകൊണ്ടാണ് ഈ വർഷം വസന്തനൊപ്പം കുടനിർമാണത്തിന്റെ ഭാഗമായത്.