ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
1544268
Monday, April 21, 2025 10:33 PM IST
ഉദയംപേരൂർ: പൂത്തോട്ടയ്ക്കു സമീപം പുത്തൻകാവിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
വൈക്കം മറവൻതുരുത്ത് വാളം പള്ളിപ്പാലത്തിന് സമീപം നടുവിലേക്കൂറ്റ് വീട്ടിൽ പരേതരായ ജോയി-ശാന്തമ്മ ദന്പതികളുടെ മകൻ ജിജോ തോമസ് (38) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ആറരയോടെയായിരുന്നു അപകടം.
എറണാകുളത്ത് സുഹൃത്തിനെ എത്തിച്ച ശേഷം തിരികെ മറവൻതുരുത്തിലേക്ക് വരുന്നതിനിടെ പൂത്തോട്ടയിൽനിന്ന് തൃപ്പൂണിത്തുറയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ജിജോയെ ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജിജോ. സംസ്കാരം നടത്തി. ഭാര്യ: ജിജ. മകൻ: ജോഷുവ.