നവകേരളം സങ്കല്‍പ്പമല്ല, യാഥാർഥ്യമാക്കും: മുഖ്യമന്ത്രി
1548856
Thursday, May 8, 2025 4:13 AM IST
കൊച്ചി: നവകേരളമെന്നത് വെറും സങ്കല്‍പ്പമല്ല, വര്‍ത്തമാനകാലത്ത് തന്നെ ഇത് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് വരുമെന്നും എല്ലാം ശരിയാകുമെന്ന മുദ്രാവാക്യം സര്‍ക്കാര്‍ അന്വർഥമാക്കി. ഓഖി മുതല്‍ കോവിഡ് വരെ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കേരളം കടന്നുപോയത്. ഇക്കാലത്ത് സഹായിക്കേണ്ടിയിരുന്ന കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല മറ്റ് സഹായങ്ങള്‍ മുടക്കുകയും ചെയ്തു.
എന്നിട്ടും കേരളം തളര്‍ന്നില്ല. ലോകം ആശ്ചര്യത്തോടെ നോക്കുന്ന തരത്തിലുള്ള നേട്ടങ്ങളിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാര്‍ തുറന്നു കാട്ടുന്നത്. 2016ല്‍ യുഡിഎഫ് തുടരുകയായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥ. അന്ന് പൊതുവിദ്യഭ്യാസമേഖയില് നിന്ന് അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോയി. എന്നാല്‍ ഇന്ന് പത്ത് ലക്ഷം വിദ്യാര്‍ഥികള്‍ വന്നുചേരുന്ന സ്ഥിതിയിലേക്ക് എത്തി. 2016ല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നടക്കം ഒന്നും ഇല്ലായിരുന്നു.
ഒരു നിക്ഷേപകന് സംരംഭം തുടങ്ങാന്‍ ആഗ്രഹിച്ചാല്‍ അത് നടക്കുമായിരുന്നോ. ദേശീയപാത വികസനത്തിലടക്കം പ്രതിസന്ധി മാത്രമായിരുന്നു. എന്നാല്‍ നാടിന്റെ അഭിവൃദ്ധിക്കും അതിനോട് താല്‍പ്പര്യവുമുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പശ്ചാത്തലവികസന രംഗത്തടക്കം പ്രകടമായ മാറ്റമുണ്ടായി. ഖജനാവിനെ മാത്രം ആശ്രയിച്ചില്ല. കിഫ്ബിയെ സജ്ജമാക്കി. ഇന്ന് കാണുന്ന എല്ലാ പദ്ധതികളിലും കിഫ്ബിയുടെ ധനസഹായമുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടാണ് ദേശീയപാത അഥോറിറ്റിക്ക് 5,600 കോടിരൂപ സംസ്ഥാനം പിഴ കൊടുക്കേണ്ട സാഹചര്യമുണ്ടായത്. എത്ര വലിയ ക്രിമിനല്‍ കുറ്റമാണിത്. യുഡിഎഫ് വീണ്ടും വന്നിരുന്നെങ്കില്‍ കേരളത്തിന്റെ നില മുമ്പത്തേതിനേക്കാള്‍ മോശമായേനെയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കലൂരില്‍ നടന്ന യോഗത്തില്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എന്‍. ദിനകരന് അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ പി. രാജീവ്, ജി.ആര്. അനില്‍, മുന്‍ മന്ത്രി എസ്. ശർമ, എംഎല്‍എമാരായ പി.വി. ശ്രീനിജിന്‍, കെ.ജെ. മാക്സി, ആന്റണി ജോണ്‍, കെ.എന്‍. ഉണ്ണിക്കൃഷ്ണന്, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എന്‍. മോഹനന്, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.