യുവാവ് ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ
1548768
Thursday, May 8, 2025 12:40 AM IST
ഏലൂർ: ഏലൂർ നാറാണത്ത് ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സപ്താഹം നടന്നുകൊണ്ടിരിക്കുന്ന ക്ഷേത്രത്തിൽ മൈക്ക് സെറ്റുമായി എത്തിയ ആലുവ ദേശത്ത് അന്പാട്ട് വീട്ടിൽ ആദർശ് (22) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
അന്പലത്തിൽ സ്ഥിരമായി ശബ്ദവും, വെളിച്ചവും നൽകുന്ന ആളുടെ പണിക്കാരനായി ചൊവ്വാഴ്ചയാണ് ആദർശ് എത്തിയത്. ഇന്നലെ രാവിലെയോടെ അന്പലക്കുളത്തിനു സമീപം വസ്ത്രവും ഫോണുംവച്ച് കുളിക്കാനിറങ്ങിയതാണെന്ന നിഗമനത്തിലാണ് പോലീസ്.
കാലും മുഖവും കഴുകാൻ അന്പലക്കുളത്തിലെത്തിയ വയോധിക സംശയം അറിയിച്ചതിനെത്തുടർന്ന് അന്പല കമ്മറ്റി ഏലൂർ പോലീസിൽ വിവരം അറിയിക്കുകയും അഗ്നിരക്ഷാ സേനയെത്തി നടത്തിയ തെരച്ചിലിൽ ചവിട്ടുപടിയുടെ സമീപത്തായി മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഏലൂർ ഫയർസ്റ്റേഷനിലെ ഫയർമാൻ സ്റ്റീഫനാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് പറഞ്ഞു.