ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് കാണാതായ യുവതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
1548859
Thursday, May 8, 2025 4:13 AM IST
കൊച്ചി: നഗരത്തിലെ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് കാണാതായ രണ്ടു യുവതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കടവന്ത്ര കമ്മട്ടിപ്പാടത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെയാണ് രണ്ടു യുവതികളെ കാണാതായത്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു മാസം മുമ്പ് എറണാകുളം സെന്‍ട്രല്‍ പോലീസ് എത്തിച്ച 19കാരിയും, മൂന്ന് ദിവസം മുമ്പ് ഏലൂര്‍ പോലീസ് കൊണ്ടുവന്ന 20 കാരിയുമാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. എറണാകുളത്ത് അമ്മയ്ക്കൊപ്പം താമസിക്കവെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതിനാണ് 19 കാരിയെ സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ഷെല്‍ട്ടര്‍ ഹോമിലാക്കിയത്.
ഇവരുടെ മൊഴികള്‍ പരസ്പര വിരുദ്ധമായതിനെ തുടര്‍ന്ന് കൗണ്‍സലിംഗ് നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് 20 കാരിയെ ഏലൂര്‍ പോലീസ് ഇവിടെയാക്കിയത്.