ഒപ്പം മെഡിക്കൽ ക്യാന്പ് : 642 പേർക്ക് കണ്ണടകൾ നൽകി
1544131
Monday, April 21, 2025 5:04 AM IST
നെടുമ്പാശേരി : വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒപ്പം മെഡിക്കൽ ക്യാന്പിൽ പങ്കെടുത്തവർക്കുള്ള കണ്ണടകൾ വിതരണം ചെയ്തു. നേത്രപരിശോധനയുടെ ഭാഗമായി പുതിയ കണ്ണട നിർദ്ദേശിക്കപ്പെട്ട 642 പേർക്കാണ് സൗജന്യമായി കണ്ണടകൾ നൽകിയത്.
കുന്നുകര അഹന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് കണ്ണട വിതരണോദ്ഘാടനം നിർവഹിച്ചു. ഇതോടെ ഒപ്പം പദ്ധതിയുടെ ഭാഗമായി നാല് വർഷങ്ങളിലായി 2,246 കണ്ണടകളാണ് വിതരണം ചെയ്തത്.
ആധുനിക പരിശോധനe സൗകര്യങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിയാണ് കഴിഞ്ഞ ഫെബ്രുവരി16 ന് കുന്നുകര റയാൻ ഇന്റർനാഷണൽ സ്കൂളിൽ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചത്. ക്യാന്പിന്റെ തുടർച്ചയായി 50 ശസ്ത്രക്രിയകൾ സൗജന്യമായി നടത്താനുള്ള സമ്മതപത്രം കിൻഡർ ആശുപത്രി കൈമാറിയിട്ടുണ്ട്.
കുന്നുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ കണ്ണട വിതരണ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റുമാരായ സബിത നാസർ, പി.എം. മനാഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എം. വർഗീസ്, സി.കെ. കാസിം, വി.കെ. അനിൽ തുടങ്ങിയവർ സംസാരിച്ചു.