സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നതായി പരാതി
1544124
Monday, April 21, 2025 5:00 AM IST
നെടുമ്പാശേരി : വിശേഷ ദിവസങ്ങളിൽ സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം അത്താണിയിൽ നിന്നും കണക്കൻകടവ്, പുത്തൻവേലിക്കര തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകേണ്ട യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.
ഈ റൂട്ടിൽ 12 ഓളം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.
ഇതിൽ നാല് ബസുകൾ മാത്രമാണ് കഴിഞ്ഞ വെള്ളിയാഴ്ച സർവീസ് നടത്തിയതെന്നാണ് യാത്രക്കാരുടെ പരാതി. പലരും മണിക്കൂറുകളോളം ബസ് കാത്ത് നിന്ന് വലഞ്ഞു. വിശേഷ ദിവസങ്ങളിൽ സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുകയും കെ.എസ്.ആർ.ടി.സി ബസുകൾ കൂടുതൽ സർവീസുകൾ നടത്താതിരിക്കുകയും ചെയ്താൽ സ്വന്തമായി വാഹനങ്ങളില്ലാത്ത സാധാരണക്കാരാണ് ദുരിതത്തിലാവുന്നത്.
ആലുവയിൽ നിന്നും അങ്കമാലിയിൽനിന്നും മാള, കണക്കൻകടവ്, പുത്തൻവേലിക്കര എന്നിവിടങ്ങളിലേയ്ക്കു നിരവധി സ്വകാര്യബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഇതിൽ മാളയിലേയ്ക്ക് മാത്രമാണ് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നത്. ഇതും പലപ്പോഴും ഉണ്ടാകാറില്ലെന്ന് യാത്രക്കാർ പറയുന്നു.