മഹാപ്രളയത്തിനു ശേഷം ആദ്യം... ആലുവ ചിൽഡ്രൻസ് ട്രാഫിക് പാർക്ക് തുറന്നു
1544122
Monday, April 21, 2025 5:00 AM IST
ആലുവ: ആലുവ മുനിസിപ്പൽ ചിൽഡ്രൻസ് ട്രാഫിക് പാർക്ക് ഏഴ് വർഷങ്ങൾക്ക് ശേഷം കുട്ടികൾക്ക് തുറന്നുകൊടുത്തു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോണും കൗൺസിൽ അംഗങ്ങളും പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ഇന്നലെ വിവിധ തരത്തിലുള്ള ഒന്പതു സൈക്കിളുകൾ ലഭ്യമാക്കി പാർക്ക് തുറന്ന് കൊടുത്തത്.
പൊതു അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി എട്ടു വരെയും പ്രവർത്തി ദിനങ്ങളിൽ ഉച്ചയ്ക്ക് മൂന്നു മുതൽ രാത്രി എട്ടു വരെയും കുട്ടികൾക്ക് ട്രാഫിക് പാർക്ക് ഉപയോഗിക്കാം. 15 മിനിറ്റ് നേരത്തേക്ക് 20 രൂപ നിരക്കിൽ ഫീസ് ഈടാക്കും.
2018 ലെ പ്രളയത്തിൽ നശിച്ചുപോയ മുനിസിപ്പൽ പാർക്ക് രണ്ട് കരാറുകാരെ ഉപയോഗിച്ച് അഞ്ച് വർഷങ്ങൾ എടുത്താണ് പുനരുദ്ധരിച്ചത്. 2023 ഒക്ടോബർ 31 ന് നവീകരണം പൂർത്തിയായെങ്കിലും ഇതിനകത്ത് പ്രവർത്തിച്ചിരുന്ന കുട്ടികളുടെ ട്രാഫിക് പാർക്കിൽ കളിക്കോപ്പുകൾ ഇല്ലാത്തതിനാൽ അന്ന് തുറന്നുകൊടുക്കാനായില്ല.
ഈ വേനലവധിക്കാലത്തും കുട്ടികൾ നിരാശരായി മടങ്ങുമ്പോഴാണ് ഈസ്റ്റർ ദിനത്തിൽ ട്രാഫിക് പാർക്ക് സൈക്കിളുകളുടെ വരവോടെ സജീവമായത്. കാർ, ജീപ്പ് തുടങ്ങിയ കൂടുതൽ കളി വാഹനങ്ങൾ ഉടനെ തന്നെ കോയമ്പത്തൂരിൽ നിന്ന് ട്രാഫിക് പാർക്കിൽ ലഭ്യമാക്കുന്നതാണെന്ന് ആലുവ നഗരസഭാ അധികൃതർ അറിയിച്ചു.
ട്രാഫിക് പാർക്കിൽ ചെറു കളിവണ്ടികൾ വാങ്ങുന്നതിന് ഒരു വർഷം മുമ്പേ നെസ്റ്റ് ഗ്രൂപ്പ് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ നിലവാരമുള്ള കളിവണ്ടികൾ ലഭിക്കാൻ വൈകുന്നതുകൊണ്ടാണ് ചിൽഡ്രൻസ് ട്രാഫിക്ക് പാർക്ക് തുറക്കാനാകാതിരുന്നതെന്നാണ് നഗരസഭയുടെ വിശദീകരണം.