ആലുവ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധർ വിലസുന്നു; ഇരിപ്പിടം പോലുമില്ല
1544118
Monday, April 21, 2025 5:00 AM IST
ആലുവ: കേരളത്തിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡുകളിൽ ഒന്നായ ആലുവ മുനിസിപ്പൽ ബസ് സ്റ്റാൻഡ് സന്ധ്യമയങ്ങിയാൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാകുന്നതായി പരാതി. പതിനായിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന ബസ് സ്റ്റാൻഡ് അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നതിന് പുറമേയാണ് മയക്കുമരുന്ന് വിതരണവും ജീവനക്കാർ തമ്മിലുള്ള സംഘർഷങ്ങളും നടക്കുന്നത്.
ഇവിടെ നിന്നും 420 ഓളം സ്വകാര്യ ബസുകളാണ് കോവിഡ് കാലത്തിന് മുമ്പ് വരെ സർവീസ് നടത്തിയിരുന്നത്. കൊച്ചി മെട്രോ പ്രവർത്തന ക്ഷമമായതോടെ എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ എണ്ണം കുറഞ്ഞു. ഇപ്പോൾ അത് 280 ഓളം സർവീസുകളായി കുറഞ്ഞിരിക്കുകയാണ്.
സമയക്രമം പാലിക്കാത്തതിനെക്കുറിച്ച് തർക്കം സ്റ്റാൻഡിനകത്ത് പതിവാണ്. ബസുകൾക്ക് കേടുവരുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കുറച്ചു നാളുകളായി ജീവനക്കാർ തമ്മിലുള്ള തർക്കം ക്രൂരമായ ആക്രമണങ്ങളിലാണ് കലാശിക്കുന്നത്. ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജോലിയില്ലാത്ത ദിവസങ്ങളിൽ ബസ് സ്റ്റാൻഡിൽ തമ്പടിക്കുന്ന ജീവനക്കാർ സംഘർഷത്തിന് വഴിവെക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള ബസ് ജീവനക്കാരിൽനിന്നും കഞ്ചാവ് പിടികൂടിയ സംഭവവും പോലീസിന് തലവേദനയായിട്ടുണ്ട്.പകൽ സമയങ്ങളിലും സ്റ്റാൻഡിൽ ലഹരി കച്ചവടക്കാരുടെ സാന്നിധ്യമുള്ളതായി ജീവനക്കാർ തന്നെ പറയുന്നുണ്ട്.
പോലീസ് എയ്ഡ് പോസ്റ്റ് സ്റ്റാൻഡിനകത്ത് വേണമെന്ന് ആലുവ നഗരസഭ പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫലം കണ്ടില്ല. സേനാംഗങ്ങളുടെ കുറവ് കാരണം നിയമിക്കാനാവില്ലെന്നാണ് പോലീസ് അധികൃതരുടെ വിശദീകരണം.
ഇതിനിടയിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിക്കാൻ ഇരിപ്പിടം പോലുമില്ലെന്ന് യാത്രക്കാർ പറയുന്നു. കസേരയുടെ കാലുകൾ ആരോ ഒടിച്ചു കൊണ്ടുപോയതിനാൽ ഹോളോബ്രിക്സിലാണ് ഇരിപ്പിടം താത്കാലികമായി ഉറപ്പിച്ചിരിക്കുന്നത്. സ്വകാര്യ ബസുകൾ ബസ് സ്റ്റാൻഡിൽ കയറാതെ ട്രിപ്പ് നടത്തുന്നതായും യാത്രക്കാർക്ക് പരാതിയുണ്ട്.
എടയാർ, അത്താണി റൂട്ട് സ്വകാര്യ ബസുകൾ സ്റ്റാൻഡിന് മുമ്പ് തിരിഞ്ഞ് ദേശീയ പാതയിലേക്ക് നേരിട്ട് കയറുന്നതിനാൽ സ്റ്റാൻഡിനകത്തും പുറത്തും കാത്തു നിൽക്കുന്നവരെ വിഢികളാക്കാറുണ്ട്.കെഎസ്ആർടിസി ബസുകളും മുനിസിപ്പൽ സ്റ്റാൻഡിൽ കയറുന്നത് ഒഴിവാക്കി.
നഗരസഭ സ്ഥാപിച്ച കെഎസ്ആർടിസി കാബിൻ ലോട്ടറി കച്ചവടക്കാരുടെ താവളവുമായി. ആലുവ നഗരസഭയുടെ നേതൃത്വത്തിലുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൂടി മുനിസിപ്പൽ സ്റ്റാൻഡിലെ പ്രശ്നങ്ങൾ വിവിധ വകുപ്പുകളുടെ സഹായത്തോടെ ജൂണിന് മുമ്പ് പരിഹരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. നിരീക്ഷണ കാമറ സ്ഥാപിക്കാൻ നഗരസഭ തയാറാകണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.