ബൈക്കിൽ എത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു
1544116
Monday, April 21, 2025 4:09 AM IST
നെടുമ്പാശേരി: ബൈക്കിൽ എത്തിയ രണ്ടംഗസംഘം റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുത്തു. അത്താണി പാറക്കൽ വീട്ടിൽ പൗലോസിന്റെ ഭാര്യ മറിയാമ്മയുടെ രണ്ടര പവന്റെ സ്വർണമാലയാണ് കവർന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ അത്താണി പൊയ്ക്കാട്ടുശേരി മാർ ബഹനാം പള്ളി റോഡിൽ മാണിയംകുളത്ത് വച്ചാണ് മാല പൊട്ടിച്ചത്.
മറിയാമ്മ പൊയ്ക്കാട്ടുശേരിയിലുള്ള സ്വന്തം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കവർച്ച. മറിയാമ്മ ഒച്ചവച്ചത് കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും യുവാക്കൾ പെട്ടെന്ന് ബൈക്കോടിച്ച് രക്ഷപ്പെട്ടു.
അത്താണി ഭാഗത്തേക്കാണ് ഇവർ പോയത്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാൾ നീല ഷർട്ടും പിന്നിലിരുന്നയാൾ ചുവപ്പ് ഷർട്ടുമാണ് ധരിച്ചിരുന്നത്.
ചെങ്ങമനാട് പോലീസിൽ പരാതി നൽകി. പോലീസ് വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.