എസ്. സതീഷ് സിപിഎം ജില്ലാ സെക്രട്ടറി
1544111
Monday, April 21, 2025 4:09 AM IST
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റിയംഗവും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ എസ്. സതീഷിനെ ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. നിലവിലെ സെക്രട്ടറി സി.എന്‍. മോഹനന് സംസ്ഥാന സെക്രട്ടേറയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് സതീഷിനെ തെരഞ്ഞെടുത്തത്.
പന്ത്രണ്ടംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും യോഗത്തില്‍ തെരഞ്ഞെടുത്തു. എസ്. സതീഷ്, എം.പി. പത്രോസ്, പി.ആര്. മുരളീധരന്, ജോണ്‍ ഫെര്‍ണാണ്ടസ്, സി.കെ. പരീത്, പുഷ്പാദാസ്, ആര്. അനില്‍കുമാര്‍, ടി.സി.ഷിബു, സി.ബി. ദേവദര്‍ശനന്‍, കെ.എന്‍. ഉണ്ണികൃഷ്ണന്, കെ.എസ്. അരുണ്‍കുമാര്‍, ഷാജി മുഹമ്മദ് എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍.
നാല്പത്തിനാലുകാരനായ എസ്. സതീശ് യുവജനസംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
യോഗത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം. അനില്‍കുമാര്‍ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം പി.രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. സ്വരാജ്, സി.എന്‍. മോഹനന്, കെ.കെ. ജയചന്ദ്രന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം. ദിനേശ്മണി, കെ. ചന്ദ്രന്‍പിള്ള, എസ്. ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.
"പാര്‍ട്ടി കൈവരിച്ച ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തും'
കൊച്ചി: ജില്ലയില്‍ പാര്‍ട്ടി കൈവരിച്ചിട്ടുള്ള ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തി ജനകീയ ബന്ധം പാര്‍ട്ടിക്ക് അനുകൂലമായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് എസ്. സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയില്‍ പാര്‍ട്ടി കൈവരിച്ചിട്ടുള്ള ഐക്യം പ്രധാന കാര്യമായി കഴിഞ്ഞ എറണാകുളം ജില്ലാ സമ്മേളനം വിലയിരുത്തിയിരുന്നു.
പാര്‍ട്ടിക്ക് ജില്ലയില്‍ സംഘടനാപരമായും രാഷ്ട്രീയപരമായും നല്ല അടിത്തറയുണ്ട്. കൂടുതല്‍ ജനകീയ പാര്‍ട്ടിയാക്കി മാറ്റാനുള്ള വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏൽപ്പിച്ചിട്ടുള്ളതെന്നും സതീഷ് പറഞ്ഞു.
നയിക്കാൻ യുവമുഖം
കൊച്ചി: എറണാകുളത്ത് സിപിഎമ്മിനെ നയിക്കാന്‍ യുവമുഖം. ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട 44കാരനായ എസ്. സതീഷ് യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1995ല്‍ ഡിവൈഎഫ്ഐ അംഗത്വത്തില്‍ വന്നു. പ്രീഡിഗ്രിക്ക് പിഠിക്കുമ്പോള് ഡിവൈഎഫ്ഐ വായനശാലപ്പടി യൂണിറ്റ് കമ്മിറ്റിയുടെ സെക്രട്ടറിയായി. ഡിഗ്രി പഠനകാലത്ത് ഡിവൈഎഫ്ഐ ചുമതലയോടൊപ്പം പാര്ട്ടിഅംഗത്വത്തിലേക്കും തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറിയുമായി.
ഡിവൈഎഫ്ഐ കോതമംഗലം മുന്‍സിപ്പല്‍ ഈസ്റ്റ് മേഖലാ പ്രസിഡന്റ്, കോതമംഗലം ബ്ലോക്ക് സെക്രട്ടറി, കേരള സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ്, ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു. സിപിഎം വായനശാലപ്പടി ബ്രാഞ്ച് സെക്രട്ടറി മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം,കോതമംഗലം ഏരിയ കമ്മിറ്റി അംഗം, എറണാകുളം ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കാലത്ത് സോളാര്‍ സമരം ഉള്‍പ്പെടെയുള്ള നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നല്കി.
ഡിവൈഎഫ്ഐ പത്താം അഖിലേന്ത്യാ സമ്മേളനം എറണാകുളത്ത് നടക്കുമ്പോള്‍ അതിന്റെ മുഖ്യ സംഘാടകനായിരുന്നു. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടന്ന ആദ്യ അഖിലേന്ത്യാ സമ്മേളനമായിരുന്നു അത്. സമ്മേളനത്തിന്റെ ഭാഗമായി 13 നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്കി. ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരയുടെ ചീഫ് എഡിറ്റര്‍, മാനേജര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചു.
കോതമംഗലം സര്‍വീസ് സഹകരണ ബാങ്കിലെ സീനിയര്‍ ക്ലര്ക്കായിരിക്കെയാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം ജോലി രാജിവച്ച് മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറിയത്. കോതമംഗലം അയ്യങ്കാവില്‍ വിരിപ്പേലി മറ്റത്തില്‍ വീട്ടില്‍ ശശിധരന്, ലളിതാ ശശീധരന് എന്നിവരുടെ രണ്ടു മക്കളില്‍ ഇളയവനാണ്. കോതമംഗലം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി ആര്യയാണ് ഭാര്യ.
അയ്യങ്കാവ് ഗവ. ഹൈസ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വൈഗ, ഒന്നാം ക്ലാസ് വിദ്യാര്‍ഥി നദിയ എന്നിവര്‍ മക്കളാണ്.