വൃദ്ധയെ കബളിപ്പിച്ച് ഒന്നര പവൻ തട്ടിയതായി പരാതി
1544110
Monday, April 21, 2025 4:09 AM IST
ചെറായി: ബന്ധുവാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് 72കാരിയായ വയോധികയിൽ നിന്ന് 14 ഗ്രാം തൂക്കമുള്ള രണ്ട് സ്വർണവളകൾ തട്ടിയെടുത്തതായി പരാതി. താൻ ബന്ധുവാണെന്നും തന്റെ അമ്മ ഓപ്പറേഷനു പണമില്ലാതെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാന്നെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച തട്ടിപ്പുവീരൻ ആദ്യം പണമാണ് ആവശ്യപ്പെട്ടത്.
കൈയിൽ പൈസയില്ലെന്ന് പറഞ്ഞപ്പോഴാണ് വളകൾ ഊരിവാങ്ങിയത്. വയോധിക വീട്ടിൽ ചെന്ന് വിവരം പറഞ്ഞപ്പോൾ ആണ് കബളിപ്പിക്കപ്പെട്ടതായി മനസി ലാകുന്നത്. തുടർന്ന് ഇവർ മുനമ്പം പോലീസിൽ പരാതി നൽകുകയായിരുന്നു.
വിവരങ്ങൾ അനുസരിച്ച് പോലീസ് ഗൗരീശ്വരം മുതൽ ബേക്കറി വരെയുളള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചെറായി ബേക്കറി സ്റ്റോപ്പിനു കിഴക്ക് കാട്ടിപ്പറമ്പിൽ രാജമ്മയാണ് തട്ടിപ്പിന് ഇരയായത്.
ചെറുവൈപ്പിലെ ഒരു ബന്ധുവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് വരുന്ന വഴി ചെറായി ഗൗരീശ്വരത്ത് മരുന്നു വാങ്ങാൻ ഇറങ്ങിയപ്പോഴാണ് ഇയാളെ പരിചയപ്പെട്ടതും തട്ടിപ്പിനിരയായതും. ഇതിനുശേഷം വീട്ടിലാക്കി തരാമെന്ന് പറഞ്ഞ് ഇയാൾ വയോധികയെ ബൈക്കിൽ കയറ്റി ബേക്കറി സ്റ്റോപ്പിൽ കൊണ്ടുവന്ന് ഇറക്കിവിടുകയും ചെയ്തു.