ചൂണ്ട ചെവിയിൽ കുരുങ്ങിയ യുവാവിന് അഗ്നിരക്ഷാസേന തുണയായി
1544109
Monday, April 21, 2025 4:09 AM IST
മുളന്തുരുത്തി: ചൂണ്ട ചെവിയിൽ കുരുങ്ങിയ യുവാവിന് മുളന്തുരുത്തി അഗ്നിരക്ഷാസേന തുണയായി. അവധിക്കാല വിനോദസഞ്ചാരത്തിനായി ഈസ്റ്റർ ദിനത്തിൽ കുടുംബത്തോടൊപ്പം പൂത്തോട്ടയിലെ റിസോർട്ടിലെത്തിയ കാക്കനാട് സ്വദേശി മനുരാജി(30)ന്റെ വലത്തെ ചെവിയിലാണ് ചൂണ്ടയിട്ടുകൊണ്ടിരുന്നതിനിടയിൽ അവിചാരിതമായി ചൂണ്ട കുരുങ്ങിയത്.
സാധാരണയിലധികം വലിപ്പമുള്ള ചൂണ്ടയായിരുന്നു. മനുരാജിനു കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ സമീപത്തെ ആശുപത്രികളിൽ എത്തി ച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് റിസോർട്ടുടമ മുളന്തുരുത്തി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
ഉടൻ അഗ്നിരക്ഷാ നിലയത്തിലെത്തിച്ചേരാൻ സേനാംഗങ്ങൾ നിർദേശിച്ചു. അവിടെയെത്തിയ മനുരാജിനെ ആശ്വസിപ്പിക്കുകയും ചെറിയ കട്ടർ ഉപയോഗിച്ച് ചൂണ്ട മുറിച്ച് ചൂണ്ടയുടെ പകുതിഭാഗം സാവധാനം വലിച്ച് പുറത്തെടുക്കുകയുമായിരുന്നു.
കട്ടർ കൊണ്ട് മുറിക്കുന്ന സമയം മനുരാജിന്റെ ചെവിയിൽ ചൂടേൽക്കാതിരിക്കുന്നതിനായി ബോട്ടിലിൽ തണുപ്പിച്ചുവച്ചിരുന്ന വെള്ളം ജീവനക്കാർ ഒഴിച്ചുകൊണ്ടിരുന്നു. ഇതുമൂലം വേദന പരമാവധിയില്ലാതെ ചൂണ്ട മുറിച്ചു മാറ്റാൻ കഴിഞ്ഞു. കാക്കനാട് ഫ്ലാറ്റിൽ താമസിക്കുന്ന മനുരാജും കുടുംബവും സേനാംഗങ്ങൾക്ക് ഈസ്റ്റർ ആശംസകൾ കൈമാറിയാണ് സന്തോഷത്തോടെ മടങ്ങിയത്.
ഹോം ഗാർസുമാരായ സുരേഷ്, പാർത്ഥൻ, ജയ എന്നിവർ ചേർന്നാണ് ചെവിയിൽ കുടുങ്ങിയ ചൂണ്ട മുറിച്ചു മാറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു സംഭവം.