മുരുക്കുംപാടത്ത് പാചകത്തിനിടെ തീപടർന്ന് മത്സ്യബന്ധന ബോട്ട് കത്തി
1544108
Monday, April 21, 2025 4:09 AM IST
നഷ്ടം 25 ലക്ഷം
വൈപ്പിൻ: തൊഴിലാളികൾ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്ന് കടവിൽ കെട്ടിയിരുന്ന മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു. ആളപായമില്ല. ബോട്ടിന്റെ മേൽ ഭാഗം ഉൾപ്പെടുന്ന വീൽ ഹൗസ്, ഡക്ക്, എൻജിൻ റൂം എന്നിവ പൂർണമായും കത്തിയമർന്നു. 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായ തായി കണക്കാക്കുന്നു. ഇന്നലെ ഉച്ചയോടെ മുരുക്കുംപാടത്തായിരുന്നു സംഭവം.
പള്ളിക്കടവിൽ കെട്ടിയിട്ടിരുന്ന തമിഴ്നാട് വാണിയകുടി സ്വദേശി അജയുടെ ഉടമസ്ഥതയിലുള്ള ആരോഗ്യ അണ്ണൈ എന്ന മത്സ്യബന്ധന ബോട്ടാണ് അഗ്നിക്കിരയായത്. വടക്കേ ഇന്ത്യക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് പാചകം ചെയ്തത്. സംഭവമറിഞ്ഞ് ക്ലബ് റോഡ്, മാലിപ്പുറം എന്നിവിടങ്ങളിൽ നിന്ന് രണ്ടു യൂണിറ്റ് അഗ്നിശമന സേനയും ഞാറക്കൽ പോലീസും നാട്ടുകാരും സ്ഥലത്തെത്തി തീ അണച്ചു.
തൊട്ടടുത്ത് കിടന്ന കൃപാമോൾ എന്ന ബോട്ടിലേക്കും ചെറുതായി തീ പടർന്നിരുന്നു. അതിവേഗം തീ നിയന്ത്രണ വിധേയമാക്കാനായതിനാൽ മറ്റു ബോട്ടുകളിലേക്ക് തീ പടരുന്നത് തടയാനായി. മാത്രമല്ല, തീ ഡീസൽ ടാങ്കിലേക്ക് എത്തും മുമ്പ് പൂർണമായി അണച്ചതും ദുരന്തത്തിന്റെ തീവ്രത കുറച്ചു.