കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് പുരസ്കാരം
1543803
Sunday, April 20, 2025 4:09 AM IST
കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവത്തോടനുബന്ധിച്ചുള്ള അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി. സംസ്ഥാനത്തെ ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകൾ, നഗരസഭകൾ നടപ്പാക്കുന്ന വ്യത്യസ്തങ്ങളായ പദ്ധതികൾ ഡോക്യുമെന്റേഷൻ നടത്തിയാണ് അവാർഡ് നൽകിയത്.
മികച്ച കുടിവെള്ള പദ്ധതികൾ, സ്മാർട് അങ്കണവാടി, കളിസ്ഥലങ്ങൾ, കാർഷിക, ക്ഷീര മേഖലയിലെ പദ്ധതികൾ, ഗ്രാമീണ വികസന പദ്ധതികൾ, തുടങ്ങി എല്ലാ മേഖലയിലും നടത്തിയ പ്രവർത്തനങ്ങൾ പരിശോധിച്ച് അവ ഡോക്യുമെന്ററിയായി ചിത്രീകരിച്ചാണ് അവാർഡിന് സമർപ്പിച്ചത്.
തൃശൂർ ടൗണ്‍ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദുവിൽ നിന്നും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, വൈസ് പ്രസിഡന്റ് ഡയാന നോബി, സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര,
സാലി ഐപ്, ജെയിംസ് കോറന്പേൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിസമോൾ ഇസ്മായിൽ, ടി.കെ. കുഞ്ഞുമോൻ, ആനിസ് ഫ്രാൻസിസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.