ആനിക്കാട് സ്കൂളിലെ മോഷണം : പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
1543801
Sunday, April 20, 2025 4:09 AM IST
മൂവാറ്റുപുഴ: ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്കൂളില്‍ മോഷണം നടത്തിയ പ്രതിയുമായി തെളിവെടുപ്പ് നടത്തി. പേഴയ്ക്കാപ്പിള്ളി തട്ടുപറമ്പ് കാനാംപറമ്പില്‍ വീരാന്‍കുഞ്ഞ്(കുരിശ് ജലീല്‍ -67)നെയാണ് മൂവാറ്റുപുഴ സിഐ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്കൂളില്‍ വ്യാഴാഴ്ച പുലർച്ചെ പ്രാധാന അധ്യാപികയുടെ റൂം കുത്തിത്തുറക്കുകയും, ക്യാമറ കേടുവരുത്തുകയും, മോണിറ്റര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
മോണിറ്റര്‍ സ്കൂള്‍ കോമ്പൗണ്ടിലെ കിണറ്റില്‍ വലിച്ചെറിയുകയും ചെയ്തു. പിക്കാസ് ഉപയോഗിച്ചാണ് റൂമിന്റെ പൂട്ട് തകര്‍ത്തത്. ഓഫീസ് റൂമില്‍ നിന്നും ആയിരത്തോളം രൂപ മോഷ്ടിക്കുകയും ചെയ്തു.
കിണറ്റില്‍ ഉപേക്ഷിച്ച മോണിറ്റര്‍ മൂവാറ്റുപുഴ അസി. ഫയര്‍ ഓഫീസര്‍ മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തില്‍ ഉള്ള ഫയര്‍ഫോഴ്സ് സംഘം മുങ്ങിയെടുത്തു. സ്കൂളില്‍ ഇതിന് മുന്‍പും ഒന്നിലധികം തവണ മോഷണം നടന്നിട്ടുണ്ട്.
പ്രതി കഴിഞ്ഞ ദിവസങ്ങളില്‍ കോതമംഗലം, അങ്കമാലി, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ പേരിൽ പാലക്കാട് നോര്‍ത്ത്, പാലക്കാട് സൗത്ത്, ചിറ്റൂര്‍, കോങ്ങാട്, മഞ്ചേരി, തൃശൂര്‍ ഈസ്റ്റ്, കളമശേരി എന്നിവിടങ്ങളില്‍ നിരവധി മോഷണ-ഭവനഭേദന കേസുകള്‍ നിലവിലുണ്ട്.
ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തില്‍ എസ്ഐമാരായ വിഷ്ണു രാജു, എ.കെ. ജയചന്ദ്രന്, പി.സി. ജയകുമാര്‍, കെ. അനില്‍, എം.വി. ദിലീപ്കുമാര്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ജമാല്‍, സീനിയര്‍ സിപിഓമാരായ ബിബില്‍ മോഹന്‍, ഷാന്‍, അജന്തി, സ്വാമിനാഥന് എന്നിവരാണ് ഉണ്ടായിരുന്നത്.