തൊമ്മൻകുത്ത് സംഭവം: വനം വകുപ്പിന്റേത് ഫാസിസ്റ്റ് നടപടിയെന്ന് എംപി
1543799
Sunday, April 20, 2025 4:09 AM IST
കോതമംഗലം: തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിന്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.
60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശപരമാണ്. കുരിശ് പൊളിച്ചും കുരിശിന്റെ വഴി തടഞ്ഞും വനവിസ്തൃതി വർധിപ്പിക്കാൻ സർക്കാർ നോക്കുന്നത് അപകടമാണെന്നും എംപി പറഞ്ഞു.
ജില്ലയിൽ വനം റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിന് മുന്പ് കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാൻ വേണ്ടിയാണ് കുരിശ് പൊളിച്ചതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും എംപി ആരോപിച്ചു.
പീഡാനുഭവ വാരാചരണത്തിലെ പ്രാർഥനയ്ക്കായി സ്ഥാപിച്ച കുരിശ് പൊളിക്കുകയും കുരിശിന്റെ വഴി തടയുകയും ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും എംപി പറഞ്ഞു.