ഹൗസിംഗ് ബോർഡിന് പിടിവാശി : കോതമംഗലം റവന്യു ടവർ മാറാലകെട്ടി നശിക്കുന്നു
1543798
Sunday, April 20, 2025 4:09 AM IST
കോതമംഗലം: വാടകയുടെ കാര്യത്തിൽ ഹൗസിംഗ് ബോർഡിന്റെ പിടിവാശി മൂലം കോതമംഗലം റവന്യു ടവർ ആളൊഴിഞ്ഞ് പ്രേതാലയമായി മാറുന്നു. ഏഴുവർഷം മുന്പ് സർക്കാർ ഓഫീസുകൾ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില മന്ദിരത്തിന്റെ ഏറിയ പങ്കും കാലിയായി കിടക്കുകയാണ്.
കോതമംഗലത്തെ മുഴുവൻ സർക്കാർ ഓഫീസുകളും മുന്പ് ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. നഗരത്തിൽ ഹൈറേഞ്ച് ബസ്സ്റ്റാൻഡിന് ചേർന്ന് മിനി സിവിൽ സ്റ്റേഷൻ വന്നതോടെ ഓഫീസുകളെല്ലാം അവിടേക്ക് മാറ്റി. ഇതോടെയാണ് ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള റവന്യു ടവറിൽനിന്ന് ആളൊഴിഞ്ഞത്.
ഒരു കാലത്ത് താലൂക്കിന്റെ ഭരണസിരാ കേന്ദ്രമായിരുന്ന മന്ദിരത്തിൽ ഇപ്പോൾ ഏതാനും വ്യാപാരികളും സംരംഭകരും മാത്രമാണുള്ളത്. സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നു എന്ന കാരണത്താലാണ് കച്ചവടക്കാരും മറ്റ് സംരംഭകരും ഇവിടെ സ്ഥാപനങ്ങൾ തുടങ്ങിയത്. അന്ന് വൻതിരക്കും ഉണ്ടായിരുന്നു. പിന്നീട് സർക്കാർ ഓഫീസുകൾ ഒഴിഞ്ഞതോടെ ഈ സ്ഥാപനങ്ങളുടെ അവസ്ഥയും അധോഗതിയായി.
വരുമാനം ഗണ്യമായി കുറഞ്ഞപ്പോഴും ഹൗസിംഗ് ബോർഡ് വാടകനിരക്കിൽ മാറ്റംവരുത്താനും തയാറായില്ല. വാടകക്കാർ പല തവണ സമീപിച്ചെങ്കിലും ഹൗസിംഗ് ബോർഡ് ഇളവ് നൽകില്ലെന്ന പിടിവാശിയിൽ തന്നെ തുടരുകയാണ്.
2000ൽ ആണ് റവന്യു ടവർ സ്ഥാപിതമായത്. സർക്കാർ ഓഫീസുകളിൽ നിന്ന് ഹൗസിംഗ് ബോർഡ് വാടക ഈടാക്കിയിരുന്നു. ഇക്കാരണത്താലാണ് റവന്യു വകുപ്പിന് കീഴിൽ മിനി സിവിൽ സ്റ്റേഷൻ നിർമിച്ച് ഓഫീസുകൾ മാറ്റിയത്. ഓഫീസുകൾക്ക് വേണ്ടി രൂപകല്പന ചെയ്ത റവന്യു ടവർ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനത്തിന് അനുയോജ്യമല്ല.
സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അനുയോജ്യം. വിവിധ സ്ഥാപനങ്ങൾ തുടങ്ങാൻ പലരും ഹൗസിംഗ് ബോർഡിനെ സമീപിക്കുന്നുണ്ടെങ്കിലും ഹൗസിംഗ് ബോർഡുമായി ധാരണയിലെത്താൻ കഴിയുന്നില്ലെന്നാണ് ഇക്കൂട്ടർ പറയുന്നത്. ഉയർന്ന വാടകനിരക്കാണ് സംരംഭകരെ അകറ്റുന്നതിന് കാരണം. വൻ നഷ്ടം നേരിട്ടിട്ടും വിട്ടുവീഴ്ചക്ക് ഹൗസിംഗ് ബോർഡ് തയ്യാറാകാത്തത് വിചിത്രമാണ്.
വാടകയിനത്തിൽ ലഭിക്കേണ്ട ലക്ഷകണക്കിന് രൂപയാണ് വർഷംതോറും ഹൗസിംഗ് ബോർഡ് നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നത്. സമീപകാലത്ത് എംഎൽഎ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പരിസരം മോടിപിടിപ്പിച്ചിരുന്നു. എന്നാൽ കാലാകാലങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.
വാടകയിലും മറ്റ് വ്യവസ്ഥകളിലും ഇളവ് വരുത്തി സംരംഭകരെ ആകർഷിക്കാനുള്ള നടപടിയാണ് സർക്കാരിൽ നിന്നും ഹൗസിംഗ് ബോർഡിൽ നിന്നും ഉണ്ടാകേണ്ടതെന്നാണ് ആവശ്യം. റവന്യു ടവർ സജീവമായാൽ നിരവധി പേർക്ക് തൊഴിലും വരുമാനവും ലഭ്യമാകും. മന്ത്രിമാരെയടക്കം നേരിൽകണ്ട് ആവശ്യം ഉന്നയിച്ചിട്ടും അനുകൂല തീരുമാനമുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.