റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നേട്ടങ്ങളോടെ പടിയിറക്കം
1543780
Sunday, April 20, 2025 3:58 AM IST
ആലുവ: കേന്ദ്ര ഡപ്യൂട്ടേഷനിൽ ഡൽഹി എൻഐഎയിലേക്ക് സ്ഥലം മാറിപ്പോകുന്ന റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ആലുവയിൽ യാത്രയയപ്പ് നൽകി. കുറ്റാന്വേഷണ രംഗത്ത് നിരവധി ട്രാക്ക് റിക്കോർഡുകൾ സൃഷ്ടിച്ച ശേഷമാണ് ഡോക്ടർ കൂടിയായ വൈഭവ് സക്സേന ഡൽഹിയിലേക്ക് പോകുന്നത്.
2023 നവംബർ 21ന് ആണ് റൂറൽ ജില്ലയുടെപോലീസ് മേധാവിയായി ഡോ. വൈഭവ് സക്സേന ചുമതലയേറ്റത്. ലഹരിക്കടത്തുകാരെ പിടികൂടുന്നതിലും ലഹരി വ്യാപനം തടയുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. അദ്ദേഹം നടപ്പാക്കിയ ഓപ്പറേഷൻ ക്ലീൻ പദ്ധതിയിൽ. ഒന്നര വർഷത്തിനുള്ളിൽ 250 കിലോയിലേറെ കഞ്ചാവും, നാലു കിലോയോളം എംഡിഎംഎയും പിടികൂടി. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾ തെളിയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
എസ്പി ആവിഷ്കരിച്ച് നടപ്പിലാക്കി വിജയിപ്പിച്ച പ്രധാന രണ്ട് പദ്ധതികളാണ് ഉറപ്പ് , ഉറപ്പ് @ സ്ക്കൂൾ എന്നിവ. പരാതിക്കാരെ പ്രത്യേക ടീം എസ്പി ഓഫീസിൽ നിന്ന് നേരിട്ട് വിളിച്ച് ഫീഡ്ബാക്ക് എടുക്കുന്ന പദ്ധതിയാണ് ഉറപ്പ്. പരാതിക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന പദ്ധതിയാണിത്. അമ്പതിനായിരം പേരെ ഇതിനകം വിളിച്ചു കഴിഞ്ഞു. സ്കൂളുകളിൽ പോലീസുമായി ചേർന്ന് ഒരുക്കുന്ന പദ്ധതിയാണ് ഉറപ്പ് @ സ്കൂൾ.
പോലീസുദ്യോഗസ്ഥരുടെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ്. ഓരോ സ്റ്റേഷനിലേയും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥർക്ക് മാസം തോറും ഗുഡ് സർവീസ് എൻട്രി നൽകിയിരുന്നു. ഇത്തരത്തിൽ 400ൽ ഏറെ ഉദ്യോഗസ്ഥർക്ക് ജിഎസ്സി നൽകി. എന്തെങ്കിലും പ്രശ്നങ്ങളോ, ആവശ്യങ്ങളോ ഉണ്ടങ്കിൽ ഏതു നേരത്തും വന്ന് കാണാൻ കഴിയുമായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.