അർബൻ സംഘത്തിലെ 96 കോടിയുടെ വായ്പാ തട്ടിപ്പ് : വ്യാജ വായ്പയിലൂടെ പണം തട്ടിയവരെ പോലീസ് സംരക്ഷിക്കുന്നുവെന്ന് നിക്ഷേപകർ
1543777
Sunday, April 20, 2025 3:58 AM IST
അങ്കമാലി: അങ്കമാലി അർബൻ സംഘത്തിലെ 96 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയവരെ പോലീസ് സംരക്ഷിക്കുന്നതിൽ വ്യാപകമായ പ്രതിഷേധം ഇരമ്പുന്നു. പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ യുള്ള പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങാൻ അർബർ സഹകരണ സംഘം നിക്ഷേപ സംരക്ഷണ സമിതി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. അടിയന്തരമായി നിക്ഷേപകരുടെ യോഗം വിളിച്ചു കൂട്ടാനും യോഗം തീരുമാനിച്ചു. സമരം കടുപ്പിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം യോഗത്തിൽ ഉണ്ടാകും.
സംഘത്തിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് ജില്ലാ ജോയിന്റ് രജിസ്ട്രാർ ജോസൽ ഫ്രാൻസീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറംലോകം അറിയുന്നത്. ഇതേ തുടർന്നാണ് ഭരണസമിതി പിരിച്ചുവിടാൻ ഉത്തരവായതും. അദ്ദേഹത്തിന്റെ പരാതിയെത്തുടർന്നാണ് പോലീസും ക്രൈംബ്രാഞ്ചും കേസെടുത്തതും.
106.5 കോടി രൂപ നിക്ഷേപകർക്ക് നൽകാനുണ്ട്. 126 കോടി രൂപയാണ് വായ്പ നൽകിയിട്ടുള്ളത്. ഇതിൽ 96 കോടിയുടെ വായ്പകൾ വ്യാജമാണ്. ഇതിൽ 33 കോടി രൂപയുടെ വായ്പകൾ ഈടാക്കിയെടുക്കാൻ സാധിക്കാത്ത വിധത്തിലുള്ളതാണ്. വ്യാജ പ്രമാണങ്ങളാണ് ഈ വായ്പകൾക്ക് ഈട് നൽകിയിരിക്കുന്നത്. സംഘം രജിസ്ട്രാറുടെ നിർദേശം പാലിക്കാതെ വായ്പകൾക്ക് റിബേറ്റ് നൽകുക വഴി രണ്ടര കോടി ചെലവഴിച്ചിട്ടുണ്ട്.
സംഘത്തിൽ നിന്ന് എടുത്തിരിക്കുന്ന ഈ തുകകൾ ചെലവഴിച്ച വഴികളും ചെക്കുകൾ മാറിയിരിക്കുന്നതിനെക്കുറിച്ചും പണം പറ്റിയവരെക്കുറിച്ചും ക്രൈംബ്രാഞ്ച് തെളിവുകൾ ശേഖരിച്ച് കഴിഞ്ഞു. ഉടനെ ഇവർക്കെതിരെ നടപടിക്രമങ്ങൾ ആരംഭിയ്ക്കും. ഡയറക്ടർ ബോർഡംഗങ്ങളായ അഞ്ചുപേരെയും രണ്ട് സജീവനക്കാരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവർ മുൻകൂർ ജ്യാമ്യത്തിനുള്ള അപേക്ഷയിലാണ്.
റിയൽ എസ്റ്റേറ്റ് കച്ചവടത്തിനാണ് പണം ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായിട്ടുണ്ട്. വ്യാജവായ്പയിലൂടെ പണം തട്ടിയവരെ സംരക്ഷിക്കുന്ന നയമാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതെന്ന് നിക്ഷേപകർ ആരോപിക്കുന്നു. തട്ടിപ്പ് നടത്തിയവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമായിട്ടും അവർക്കെതിരെ നടപടികൾ ഒന്നും സ്വീകരിക്കാൻ പോലീസ് തയാറായിട്ടില്ല.
വ്യാജ ആധാരം ഉപയോഗിച്ച് കോടികൾ വായ്പ എടുത്തവർക്കെതിരെ നടപടി എടുക്കാൻ പോലീസും മടിക്കുകയാണത്രേ. ഇതിനെതിരേയാണ് നിക്ഷേപകർ പ്രക്ഷോഭത്തിനിറങ്ങുന്നത്.