വടക്കേക്കരയിൽ കുടിവെള്ളം കിട്ടാതായിട്ട് മൂന്നു ദിവസം
1543768
Sunday, April 20, 2025 3:50 AM IST
പറവൂർ: വടക്കേക്കര പഞ്ചായത്തിൽ വീണ്ടും കുടിവെള്ള ക്ഷാമം രൂക്ഷം.പഞ്ചായത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളമെത്തിയിട്ട് ദിവസം മൂന്നാകുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഇവിടുത്തെ ജനങ്ങൾ കുടിവെള്ളം ലഭിക്കാതെ വലയുന്നത് പതിവ് കാഴ്ചയാണ്. പ്രശ്നം സങ്കീർണമാകുമ്പോൾ പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികൾ ജല അഥോറിറ്റി ഓഫീസിൽ സമരവുമായെത്തും.
താൽക്കാലിക നടപടി ഉണ്ടാകുമെങ്കിലും പിന്നീട് വീണ്ടും കുടിവെള്ളം കിട്ടാതാകും. ആദ്യഘട്ടങ്ങളിൽ കുടിവെള്ളം ദിവസങ്ങളോളം കിട്ടാതാകുമ്പോൾ പഞ്ചായത്ത് തന്നെ മുൻകൈയ്യെടുത്ത് ടാങ്കറിൽ കുടിവെള്ളമെത്തിച്ച് നൽകിയിരുന്നു. സാമ്പത്തികമായി വരുമാനം കുറഞ്ഞ പഞ്ചായത്തായതിനാൽ ടാങ്കറിലെ കുടിവെള്ള വിതരണം താങ്ങാനാകാതെ വന്നു.
പഞ്ചായത്തിന്റെ അറ്റ പ്രദേശമായ മാല്യങ്കരയിൽ മാസത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് കുടിവെള്ളമെത്തുന്നത്. പുഴകളോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ പലയിടത്തും ഉപ്പുവെള്ളമാണ് കിണറുകളിൽ കിട്ടുന്നത്. ജല അതോറിറ്റിയിൽ നിന്ന് ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളുടേയും ജീവിതം. വിഷുദിവസങ്ങളിൽ പ്രശ്നം സങ്കീർണ്ണമായപ്പോൾ സിപിഐ എം നേതൃത്വത്തിൽ ജല അഥോറിറ്റിക്കു മുന്നിൽ സമരം നടത്തിയിരുന്നു.
നഗരസഞ്ചയിക പദ്ധതിയിൽ ഉൾപ്പെടുത്തി മാല്യങ്കരയിൽ ഒരു ഓവർഹെഡ് നിർമിച്ചാൽ നാല് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് ജില്ലാപഞ്ചായത്തംഗം എ.എസ്. അനിൽകുമാർ പറഞ്ഞു. ഓവർഹെഡ് ടാങ്ക് നിർമിക്കാനാവശ്യമായ സ്ഥലം കണ്ടെത്തിയാൽ പരിഹാരം വേഗത്തിലുണ്ടാകുമെന്നും അനിൽകുമാർ പറഞ്ഞു.