കാൽനടക്കാർക്കു ഭീഷണിയായി ആലുവയിൽ രാത്രികാല കവർച്ചാസംഘങ്ങൾ
1543767
Sunday, April 20, 2025 3:50 AM IST
ആലുവ: കാൽനടക്കാരെ ലക്ഷ്യമിട്ട് രാത്രിയിൽ കവർച്ചാ സംഘങ്ങൾ ആലുവയിൽ വ്യാപകമാകുന്നു. രാത്രി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും വന്നിറങ്ങുന്നവരെയും രാത്രി വൈകി ഹോട്ടലുകളിൽ നിന്ന് താമസസ്ഥലത്തേക്ക് നടന്നു പോകുന്ന ജീവനക്കാരെയുമാണ് ഇട വഴികളിലേക്ക് ഭീഷണിപ്പെടുത്തി കൊണ്ടു പോയി കവർച്ച നടത്തുന്നത്.
കഴിഞ്ഞ ദിവസം യാത്രക്കാരനിൽ നിന്ന് പണം തട്ടിപ്പറിയ്ക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ നാട്ടുകാരാണ് പിടിച്ച് പോലീസിനു കൈമാറിയത്. സഹായി ഓടി രക്ഷപ്പെട്ടു. രാത്രി വൈകി റെയിൽവേ ട്രാക്കിലൂടെയോ ഇടവഴികളിലൂടെയോ നടക്കാനാകാത്ത സ്ഥിതിയായിരിക്കുകയാണെന്നാണ് ഹോട്ടൽ ജീവനക്കാരുടെ പരാതി. പ്രത്യേകിച്ച് അവധി ദിനങ്ങളിലാണ് കവർച്ചാസംഘങ്ങൾ രംഗത്തിറങ്ങുന്നത്.
ഒരു മാസത്തിനുള്ളിൽ ഹോട്ടൽ ജീവനക്കാരായ മൂന്ന് പേരാണ് പലയിടങ്ങളിലായി കവർച്ചയ്ക്ക് ഇരയായത്. പലരും പോലീസിൽ പരാതി നൽകാത്തതാണ് കുറ്റവാളികൾക്ക് ധൈര്യം നൽകുന്നത്.
ആലുവ ടാസ് റോഡ് മേഖല, മസ്ജിദ് റോഡ് മേഖല, ആലുവ റെയിൽവേ സ്റ്റേഷന് പിൻവശം തുടങ്ങിയവയാണ് മോഷണശ്രമം നടക്കുന്ന മേഖലകൾ. അതിഥി തൊഴിലാളികൾ മാത്രമടങ്ങുന്ന സംഘവും കുറ്റവാളികളായ മലയാളികൾ നേതൃത്വം നൽകുന്ന സംഘങ്ങളും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഈയിടെ സജീവമായിരിക്കുന്നത്. കൃത്രിമത്തിരക്കുണ്ടാക്കി മൊബെൽ ഫോണും മറ്റും മോഷ്ടിക്കുന്നതും ആലുവ റെയിൽവേ സ്റ്റേഷനിൽ പതിവാണ്.