ഒരു നവ മാമോദീസാനുഭവമാണ് ഈസ്റ്റര്‍
1543763
Sunday, April 20, 2025 3:50 AM IST
ഈ പുണ്യ ജൂബിലി വര്‍ഷത്തില്‍ ആഗതമായ ഈസ്റ്ററിന്റെ എല്ലാ പ്രാര്‍ഥനാ മംഗളങ്ങളും ആദ്യമേ തന്നെ ഏവര്‍ക്കും സ്നേഹപൂര്‍വം ആശംസിക്കുന്നു. ആദിമ ക്രൈസ്തവരുടെ ഇടയില്‍ നവമായി മാമോദീസ സ്വീകരിച്ചവര്‍ അറിയപ്പെട്ടിരുന്നത് പ്രകാശിതര്‍ എന്നാണ്. ഓരോ ഈസ്റ്റര്‍ മഹോത്സവവും ക്രിസ്തുവെന്ന നിത്യ പ്രകാശത്തിലേക്ക് നമ്മെ നയിക്കുന്ന പുണ്യ മാമോദീസാനുഭവമാണ്. പാപത്തില്‍ മരിച്ച് യേശുക്രിസ്തു ആകുന്ന പുണ്യ പ്രകാശത്തില്‍ നാം ഉയര്‍ത്തെഴുന്നേല്‍ക്കുന്ന അനുഭവമാണല്ലോ ഈസ്റ്റര്‍.
ക്രിസ്തുവിന്റെ ഉത്ഥാനത്തില്‍ വിശ്വസിക്കുന്നവരുടെ സമൂഹമായി സഭ നിലകൊള്ളുന്നതിന്റെ ആധാരവും മാമോദീസ സ്വീകരണമാണ്. ക്രിസ്തുവില്‍ മരിക്കുകയും ക്രിസ്തുവില്‍ എന്നും ജീവിക്കുകയും ചെയ്യുന്ന മാമോദീസാനുഭവത്തിന്റെ വിസ്മയകരമായ സാക്ഷ്യപ്പെടുത്തലാണ് ഈസ്റ്റര്‍.
ഉത്ഥാനം ചെയ്ത ക്രിസ്തു മരണത്തിന്റെ അവസ്ഥയില്‍നിന്ന് നിത്യജീവിതത്തിന്റെ കൃപയിലേക്കാണ് എഴുന്നള്ളിയത്. പുനരുത്ഥാനത്തിലൂടെ ക്രിസ്തുവിന്റെ ശരീരം പരിശുദ്ധാത്മാവിനാല്‍ നിറയുകയും ചെയ്തു. മഹത്വപൂര്‍ണമായ സ്വര്ഗപ്രാപ്തിയിലൂടെ അവിടുന്ന് ദൈവിക ജീവനില്‍ പങ്കുചേര്‍ന്നു. ഈസ്റ്റര്‍ എന്ന നവമാമ്മോദീസാനുഭവത്തിലും നാം കാണുന്നതും ഈ പ്രാപഞ്ചിക സത്യമാണ്.
ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
വരാപ്പുഴ ആര്‍ച്ച്ബിഷപ്