വൈപ്പിനിലെ ബീച്ചുകളിൽ തിരക്കേറി
1543762
Sunday, April 20, 2025 3:50 AM IST
വൈപ്പിൻ: മധ്യവേനലവധിയും ഒപ്പം വിഷു, ഈസ്റ്റർ ആഘോഷ ദിവസങ്ങളും കൂടിയായപ്പോൾ വൈപ്പിൻ കരയിലെ ബീച്ചുകളിൽ സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.
ചെറായി, മുനമ്പം, കുഴുപ്പിള്ളി, വളപ്പ്, പുതുവൈപ്പ് ബീച്ചുകളിലാണ് സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെടുന്നത്. ഇതുമൂലം വൈകുന്നേരങ്ങളിൽ ബീച്ച് റോഡുകൾ മൊത്തം ഗതാഗതക്കുരുക്കിലാണ്.
ജില്ലയ്ക്കകത്തും പുറത്തുമുള്ള സന്ദർശകരെ കൂടാതെ നോർത്ത് ഇന്ത്യൻ സന്ദർശകരും എത്തിയതോടെ ബീച്ചുകളിലെ റിസോർട്ടുകളിലും, ഹോം സ്റ്റേകളിലുമെല്ലാം താരതമ്യേന സന്ദർശകരുടെ തിരക്കേറിയിട്ടുണ്ട്.
ഭക്ഷണശാലകളിലും തെരുവിലെ മറ്റു കടകളിലും തിരക്കോട് തിരക്കാണ്. അതേസമയം പല ബീച്ചുകളിലും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും പാർക്കിംഗും സന്ദർശകരെ ഏറെ വലയ്ക്കുന്നുണ്ട്.