ദീപിക 138-ാം വാര്‍ഷികാഘോഷവും "നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് 2025' സമര്‍പ്പണവും ഡല്‍ഹിയില്‍ 24ന്
1543761
Sunday, April 20, 2025 3:50 AM IST
വിവിധ മേഖലകളിലെ ഒമ്പതു പ്രതിഭകള്‍ക്കു കേന്ദ്രമന്ത്രി ജെ.പി. നദ്ദ പുരസ്കാരം സമര്‍പ്പിക്കും
കൊച്ചി: ദീപികയുടെ 138-ാം വാര്‍ഷികാഘോഷത്തിനും 2025ലെ നാഷണല്‍ എക്സലന്‍സ് പുരസ്കാര സമര്‍പ്പണത്തിനും രാജ്യതലസ്ഥാനത്ത് ഒരുക്കങ്ങളായി. ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ ഏപ്രില്‍ 24നു വൈകിട്ട് ആറിന് ആരംഭിക്കുന്ന സമ്മേളനം കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും.
സിബിസിഐ സെക്രട്ടറി ജനറലും ഡല്‍ഹി ആര്‍ച്ച്ബിഷപ്പുമായ ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ, കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പു സഹമന്ത്രി ജോര്‍ജ് കുര്യന് എന്നിവര്‍ മുഖ്യാതിഥികളാകും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവിന്റെ മുദ്രപതിപ്പിച്ച ഒമ്പതു പേര്‍ക്കു കേന്ദമന്ത്രി ജെ.പി. നദ്ദ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.
കൊച്ചി രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളി ദീപിക നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് ഫോര്‍ ദ ബെസ്റ്റ് ഹോസ്പിറ്റല്‍ ഇന്‍ സൗത്ത് ഇന്ത്യ പുരസ്കാരം ഏറ്റുവാങ്ങും.
ഇന്ത്യ കോമണ്‍വെല്‍ത്ത് ട്രേഡ് ട്രേഡ് കമ്മീഷണര്‍ ഡോ. വര്‍ഗീസ് മൂലന് ദീപിക ലൈഫ് ടൈം അച്ചീവ്മെന്റ് (അലൈനിംഗ് മോഡേണ്‍ സയന്‍സ് വിത്ത് സ്പിരിച്വാലിറ്റി ത്രൂ ഡൈമന്‍ഷണല്‍ പ്രോഗ്രസീവ് തിയറി) പുരസ്കാരം സമര്‍പ്പിക്കും.
ദീപിക മോസ്റ്റ് ട്രസ്റ്റഡ് ഇലക്ട്രിക്കല്‍ ബ്രാന്‍ഡ് അവാര്‍ഡ് ലൂക്കര്‍ ഇലക്ട്രിക് ടെക്നോളജീസ് ചെയര്മാന് വി.പി. ആന്റണിക്കു സമര്‍പ്പിക്കും. ദീപിക എക്സലന്‍സ് ഇന്‍ ദ മോസ്റ്റ് ട്രസ്റ്റഡ് ഓവര്‍സീസ് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ഇന്‍ കേരള അവാര്‍ഡ് ജുബീറിച്ച് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡിനായി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റി ജസ്റ്റി, ഡയറക്ടര്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചന്ദന ക്രിസ്റ്റി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും.
എല്‍.കെ. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫൗണ്ടര്‍ ഡയറക്ടര്‍ രാജേഷ് പുത്തന്‍പുരയിലിന്, ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവല്‍ ഇന്നൊവേറ്റര്‍ പുരസ്കാരം നല്‍കും. കാറ്റിക് ഡിസൈന്‍സ് സ്ഥാപകനും കാറ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ അനില്‍ തോമസിന് ദീപിക ദ ഗ്രീന്‍ ആര്‍ക്കിടെക്ചര്‍ ഇന്‍ ദ ഇയര്‍ അവാര്‍ഡ് സമര്‍പ്പിക്കും.
ട്രാവന്‍കൂര്‍ ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റിയും സിഇഒയുമായ ജിജി ഫിലിപ്പിനാണു ദീപിക നാഷണല്‍ എക്സലന്‍സ് ഇന്‍ സീനിയര്‍ കെയര്‍ സര്‍വീസസ് ഇന്‍ ഇന്ത്യ അവാര്‍ഡ്. ബോട്സ്വാനയിലെ ഗബോറോണ്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലോ ആന്‍ഡ് പ്രഫഷണല്‍ സ്റ്റഡീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആന്റണി പി. ജോസഫ് ദീപിക ഇന്റര്‍നാഷണല്‍ എഡ്യുക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് സ്വീകരിക്കും.
ദൃശ്യ കമ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ മഹേഷ് തനയത്തിന് അഡ്വര്‍ടൈസിംഗ് ഏജന്‍സി ഓഫ് ദ ഇയര്‍ പുരസ്കാരം നല്‍കും. ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നുള്ള സാമൂഹ്യ, രാഷ്ട്രീയ, ഭരണ, മാധ്യമ, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.