പെരുന്പാവൂരിൽ ഒന്പത് കിലോ കഞ്ചാവുമായി‘റോബിൻ ഭായ് ’പിടിയിൽ
1536819
Thursday, March 27, 2025 4:16 AM IST
പെരുമ്പാവൂർ: പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. ഒമ്പത് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വില്പനക്കാർക്കിടയിൽ ‘റോബിൻ ഭായ് ’ എന്നറിയപ്പെടുന്ന പശ്ചിമ ബംഗാൾ റായ്പൂർ സ്വദേശി റബീൻ മണ്ഡൽ (24)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഞ്ചാവ് വിൽപ്പന നടത്തി നേടിയ പതിനായിരം രൂപയും ഇയാളുടെ പക്കൽനിന്നു കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
മുറിയിലെ രഹസ്യ അറകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പെരുമ്പാവൂരിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കോളജ് വിദ്യാർഥികളും യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളും അടക്കമുള്ളവർക്കാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഒഡീഷയിൽ നിന്ന് എത്തിച്ചിരുന്ന കഞ്ചാവ് ചെറിയ പാക്കറ്റിന് 500 രൂപ നിരക്കിലാണ് ഇയാൾ വിറ്റിരുന്നത്. ബായ് കോളനിയിൽ ഹോട്ടൽ ജോലി ചെയ്തിരുന്ന പ്രതി പിന്നീട് കഞ്ചാവ് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു.
പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, സിഐ ടി.എം. സൂഫി, എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, ശിവപ്രസാദ്, എൻ.പി. ശശി, എഎസ്ഐ പി.എ. അബ്ദുൾ മനാഫ്, എസ്സി പിഒമാരായ ടി.എ. അഫ്സൽ, വർഗീസ് വേണാട്ട്, ബെന്നി ഐസക്ക്, ജയന്തി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.