1.78 കോടി തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന മഹാരാഷ്ട്ര സ്വദേശിയെ പിടികൂടി
1536816
Thursday, March 27, 2025 4:16 AM IST
നെടുമ്പാശേരി: 1.78 കോടി തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന മഹാരാഷ്ട്ര സ്വദേശിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം പിടികൂടി. മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിൽ ഖരിക്പാഡ സ്വദേശി അഹമ്മദ് കാസിം ബന്ദാർക്കറാ(47)ണ് പിടിയിലായത്. റായ്ഗഡ് പോലീസിന്റെ ലുക്കൗട്ട് നോട്ടീസിനെ തുടർന്നാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ പേരിൽ രുപീകരിച്ച സാമ്പത്തിക സ്ഥാപനം വഴി ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും നിക്ഷേപം സ്വീകരിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് ലാഭ വിഹിതം എന്ന പേരിൽ പണം നൽകി വിശ്വാസ്യത പിടിച്ചു പറ്റി.
ഇതോടെ കൂടുതൽ ആളുകൾ പണം നിക്ഷേപിക്കാൻ തുടങ്ങി. പിന്നീട് 2019 ൽ 1.78 കോടി രൂപയുമായി ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് ദുബൈയിലേക്ക് കടന്നു. ഇവിടെ നിന്നും തിരികെയെത്തിയപ്പോഴാണ് പിടിയിലായത്.