കലൂരിലെ എംഡിഎംഎ കേസ് : ‘തുമ്പിപ്പെണ്ണിനും' കൂട്ടാളിക്കും പത്ത് വര്‍ഷം തടവ്
1536812
Thursday, March 27, 2025 4:16 AM IST
കൊച്ചി: കൊച്ചിയിലെ ലഹരി ഇടപാട് കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കോട്ടയം ചിങ്ങവനം സ്വദേശിയും ലഹരി ഇടപാടുകാരുടെ ഇടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള സുസിമോള് എം. സണ്ണി(26), ആലുവ ചെങ്ങമനാട് സ്വദേശിയും ‘പൂത്തിരി’ എന്ന് വിളിപ്പേരുള്ള അമീര്‍ സുഹൈല്‍ (25) എന്നിവരെ എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്.
കേസിലെ മൂന്നും നാലും പ്രതികളായ വൈപ്പിന്‍ സ്വദേശി കെ.എ. അജ്മല്‍ (24) അങ്കമാലി പുളിയനം സ്വദേശി എല്‍റോയ് വര്‍ഗീസ് (22) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. കേസില്‍ 14 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രതികളെ എറണാകുളം സബ് ജയിലേക്ക് മാറ്റി.
2023 ഒക്ടോബറിലാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് കാറില്‍ കടത്തുകയായിരുന്ന 25 ലക്ഷത്തോളം രൂപ വിലവരുന്ന 350 ഗ്രാം എംഡിഎംഎയുമായി പ്രതികള്‍ പിടിയിലായത്. ഉദ്യോഗസ്ഥരെ സ്പ്രിംഗ് ബാറ്റണ്‍ ഉപയോഗിച്ച് ആക്രമിച്ച് കടന്നുകളയാനും പ്രതികള്‍ ശ്രമം നടത്തിയിരുന്നു.
ആഡംബര ബൈക്കിലെത്തി ലഹരി മരുന്ന് മാലിന്യത്തില്‍ ഡ്രോപ്പ് ചെയ്യും
രാത്രി സമയം ആഡംബര ബൈക്കുകളില്‍ കറങ്ങിനടന്ന് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് കറുത്ത പോളിത്തില്‍ കവറുകളില്‍ കെട്ടി മാലിന്യ കൂമ്പാരങ്ങളില്‍ ഡ്രോപ്പ് ചെയ്ത് മിന്നല്‍ വേഗത്തില്‍ പോകുന്നതായിരുന്നു സൂസിമോളുടെ രീതി.
നഗരത്തിലെ ലഹരി ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഇവര്‍ മയക്കുമരുന്ന് വിതരണത്തിന് സംഘാംഗങ്ങളെയും ചുമതലപ്പെടുത്തിയിരുന്നു. തലയില്‍ ഷാള്‍ ധരിച്ച് ആര്‍ക്കും മുഖം കൊടുക്കാതെയായിരുന്നു സഞ്ചാരം. ആവശ്യക്കാരുടെ പക്കല്‍ നിന്ന് നേരിട്ട് പണം വാങ്ങിയ ശേഷം ഇവരുടെ സംഘത്തിലെ മയക്കുമരുന്ന് വിതരണക്കാര്‍ മുഖേന സാധനം എത്തിച്ച് നല്‍കുയാണ് ചെയ്തിരുന്നത്.
മഴ ചതിച്ചു; തുമ്പിപ്പെണ്ണ് കുടുങ്ങി
സംഭവ ദിവസം രാത്രി മഴ പെയ്തതിനാല്‍ ഇരുചക്ര വാഹനത്തിന് പകരം പ്രതികളുടെ തന്നെ വിതരണ സംഘത്തിലെ ആഡംബര കാറില്‍ മയക്കുമരുന്ന് കൈമാറാന്‍ കലൂര്‍ സ്റ്റേഡിയത്തിന് സമീപം സൂസിമോളും അമീറും അടക്കമുള്ള പ്രതികളെത്തി.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സംഘം പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. മാലിന്യ കൂമ്പാരത്തിനുള്ളില്‍ മയക്കുമരുന്ന് നിക്ഷേപിക്കുക എന്ന ബുദ്ധി തുമ്പിപ്പെണ്ണിന്റേതായിരുന്നു.