പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു
1536749
Wednesday, March 26, 2025 10:49 PM IST
പറവൂർ: ഇളന്തിക്കര കോഴിത്തുരുത്ത് മണൽബണ്ടിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. അണ്ടർ 19 കേരള ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു ബയോളജി വിദ്യാർഥി, പറവൂർ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണികയിൽ മനീക്ക് പൗലോസിന്റെ മകൻ മാനവ് (17) ആണ് മരിച്ചത്.
ഇന്നലെ ഇന്നലെ വൈകുന്നേരം നാലിന് സുഹൃത്തുക്കളായ മറ്റ് ഏഴു പേർക്കൊപ്പമാണ് മാനവ് ഇവിടെ എത്തിയത്. ആദ്യം ഒരാൾ പുഴയിൽ ഇറങ്ങിയെങ്കിലും നീന്താൻ സാധിക്കാത്തതിനാൽ തിരിച്ചു കയറി. ഇതോടെ മാനവ് പുഴയിലേക്ക് നീന്താൻ ഇറങ്ങി. മാനവ് പുഴയിൽ മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്ത് കയറിപ്പിടിച്ചെങ്കിലും ഇരുവരും മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പിടിച്ചുകയറ്റിയതിനാൽ ഒരാൾ രക്ഷപ്പെട്ടു. ആഴമുള്ള പുഴയിലേക്ക് മാനവ് താഴ്ന്നുപോയി.
പറവൂരിൽ നിന്ന് ബേബി ജോണ്, വി.ജെ.സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമാണ് 30 അടി താഴ്ചയിൽ നിന്ന് മാനവിനെ മുങ്ങിയെടുത്തത്. ഉടനെ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. അമ്മ: ടീന. സഹോദരൻ: നദാൽ.