മാഞ്ഞാലി തോട്ടിൽ ജലനിരപ്പുയർന്നു : നെൽകൃഷിക്കു തിരിച്ചടി
1536585
Wednesday, March 26, 2025 5:06 AM IST
അങ്കമാലി: മഞ്ഞാലി തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ പ്രദേശത്തെ നെൽകൃഷിക്കു തിരിച്ചടി. വേനൽമഴയ്ക്കൊപ്പം കനാലുകളിൽ നിന്നുള്ള വെള്ളവും എത്തിയതോടെ തോട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതാണ് വിളവെടുപ്പിനു പാകമായ നെൽകൃഷിക്ക് തിരിച്ചടിയായത്.
വെള്ളക്കെട്ടുമൂലം ഏക്കർകണക്കിന് നെൽകൃഷിയുടെ വിളവെടുപ്പ് നടത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നു കർഷകർ പറയുന്നു. മാഞ്ഞാലിത്തോടിന്റെ ഇരുകരകളിലുമായി പാറക്കടവ് പഞ്ചായത്ത്, നെടുമ്പാശേരി പഞ്ചായത്ത്, അങ്കമാലി മുനിസിപ്പാലിറ്റി എന്നീ പ്രദേശങ്ങളിൽ വർഷങ്ങളായി തരിശുകിടന്ന സ്ഥലങ്ങളിൽ വലിയ ഇടവേളയ്ക്കുശേഷം അടുത്ത കാലത്താണ് നെൽകൃഷി വ്യാപകമായി ചെയ്യുന്നത്.
വിളവെടുപ്പിന് പാകമായ സമയത്താണ് വേനൽമഴയെത്തിയത്. തുമ്പൂർമുഴി, ഇടമലയാർ ഇറിഗേഷൻ പദ്ധതികളിൽ നിന്ന് അധികമായി വെള്ളം മാഞ്ഞാലി തോട്ടിലേക്ക് എത്തിയതും ജലനിരപ്പ് ഉയരുന്നതിന് കാരണമായി. ഇത് കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
തോട്ടിൽ അധികമായെത്തുന്ന വെള്ളം ഷട്ടറുകൾ വഴി ഒഴുക്കി വിടണമെന്ന് അഖിലേന്ത്യാ കിസാൻ സഭ അങ്കമാലി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.