‘സർക്കാർ മൂവാറ്റുപുഴ മണ്ഡലത്തെ അവഹേളിക്കുന്നു’
1536581
Wednesday, March 26, 2025 4:55 AM IST
മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ മൂവാറ്റുപുഴ നിയോജക മണ്ഡലത്തെ അവഹേളിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ നിയമസഭയിൽ ആരോപിച്ചു. പുതുപ്പാടി - ഇരുമലപ്പടി റോഡു നിർമാണത്തിലെ പക്ഷപാതിത്വം ചൂണ്ടിക്കാട്ടി അവതരിപ്പിച്ച സബ് മിഷനിലാണ് എംഎൽഎ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കോതമംഗലം മണ്ഡല പരിധിയിൽ നിന്നാരംഭിച്ച് മൂവാറ്റുപുഴ മണ്ഡലത്തിലെ മുളവൂർ പ്രദേശത്തിലൂടെയും കോതമംഗലം മണ്ഡലത്തിലൂടെയും കടന്ന് പോകുന്നതാണ് പുതുപ്പാടി - ഇരുമലപ്പടി റോഡ്. ഇതിൽ മൂവാറ്റുപുഴ മണ്ഡല പരിധി മാത്രം ഒഴിവാക്കി കോതമംഗലം മണ്ഡല പരിധിയിൽപ്പെടുന്ന മുഴുവൻ റോഡും ബിഎംബിസി നിലവാരത്തിൽ പൂർത്തിയാക്കിയത് മൂവാറ്റുപുഴയോടുള്ള മര്യാദകേടാണെന്നും മുളവൂരിലെ ജനങ്ങളും നികുതി നൽകുന്നവരാണെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.
ഇത് അടിയന്തിരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്നും ഇപ്പോഴത്തെ സർക്കാർ അങ്ങിനെ മര്യാദകേട് കാണിക്കുന്നവരല്ലെന്നും മന്ത്രി മുഹമദ് റിയാസ് സബ്മിഷന് മറുപടി നൽകി.