ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടി എംഎ കോളജ് വിദ്യാർഥി
1536580
Wednesday, March 26, 2025 4:55 AM IST
കോതമംഗലം: മാർ അത്തനേഷ്യസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി ആദിശങ്കർ എസ്. പുതിയമടം ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനുള്ള ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ പട്ടികയിൽ ഇടംനേടി.
രണ്ടാം വർഷ ബി.കോം മോഡൽ-3 ടാക്സേഷൻ വിദ്യാർഥിയായ ആദിശങ്കർ 2023ൽ ആരംഭിച്ച വൺ പേഴ്സൺ കമ്പനിയായ ഗൈഡ്സ്റ്റോക്സ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭത്തിന്റെ സിഇഒയും സ്ഥാപകനുമാണ്. ഓഹരി വ്യാപാരത്തെക്കുറിച്ചും എന്താണ് ഒരു സ്റ്റോക്ക് ട്രെഡിംഗ് തന്ത്രമെന്നും ഓഹരി വ്യാപാരം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം സംരംഭം വഴി ആദി ശങ്കർ പകർന്നു നൽകുന്നു.
ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരിക്കെ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് മേഖലയിൽ ഒരു ഇ-ലേണിംഗ് കമ്പനി എന്ന ആശയം പ്രാവർത്തികമാക്കിയതിനു പിന്നാലെയാണ് ഈ യുവസംരംഭകനെ തേടി സുവർണ നേട്ടം എത്തിയത്.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മൂവാറ്റുപുഴ ടൗൺ ബ്രാഞ്ച് അക്കൗണ്ടന്റ് കോതമംഗലം സൗത്ത് വെണ്ടുവഴി പുതിയമടം പി.സി. സുനിൽ കുമാറിന്റെയും പോത്താനിക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ പി. സംഗീതയുടെയും മകനാണ്. സഹോദരൻ അനിരുദ് കോതമംഗലം വിമലഗിരി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.