ബൈക്ക് ഇടിച്ചുവീഴ്ത്തിയ കാർ പാടത്തേക്ക് തലകീഴായി മറിഞ്ഞു
1536575
Wednesday, March 26, 2025 4:55 AM IST
മൂവാറ്റുപുഴ: അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം റോഡിൽനിന്നു പാടത്തേക്കു തലകീഴായി മറിഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികനായ മൂവാറ്റുപുഴയിലെ സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ ഉടമ വിക്രമന് (53) ഗുരുതരമായി പരിക്കേറ്റു. വിക്രമനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശേഷം പരിക്കുകൾ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കടാതിയിലാണ് അപകടം. എറണാകുളം ഭാഗത്തുനിന്നു മൂവാറ്റുപുഴയിലേക്കു വരികയായിരുന്ന കാർ എതിരെ വന്ന ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം താഴെയുള്ള പാടത്തേക്കു മറിയുകയായിരുന്നു. ബൈക്കിൽനിന്നു തെറിച്ചു റോഡിലേക്കു വീണ വിക്രമിന് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കാറിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്നതിനു പിന്നാലെ ഇതിലൂടെ സ്കൂട്ടറിൽ കടന്നുപോയ വിക്രമന്റെ ഭാര്യയും സുഹൃത്തുക്കളുമാണ് വിക്രമനെ തിരിച്ചറിഞ്ഞതും ഉടനെ ആശുപത്രിയിൽ എത്തിച്ചതും.