ക്ഷയരോഗ നിർമാർജനം: കീഴ്മാട് പഞ്ചായത്തിന് ഇരട്ട അംഗീകാരം
1536570
Wednesday, March 26, 2025 4:23 AM IST
ആലുവ: ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളിൽ കീഴ്മാട് ഗ്രാമപഞ്ചായത്തിന് ഇരട്ട അംഗീകാരം. ജില്ലയിലെ അഞ്ച് ടിബി മുക്ത പഞ്ചായത്തുകളിലൊന്നായി എന്ന പദവിയ്ക്കൊപ്പം ജില്ലാകളക്ടറുടെ ഏറ്റവും മികച്ച ഹെൽത്ത് ഇൻസ്പെക്ടർ എന്ന പ്രത്യേക അവാർഡും ലഭിച്ചു.
കാക്കനാട് ജില്ലാപഞ്ചായത്തിന്റെ പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ കളക്ടർ എൻ.എസ്.കെ. ഉമേഷും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു.
കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ് എന്നിവർ ബഹുമതികൾ ഏറ്റുവാങ്ങി. ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് സ്ഥലം മാറി വന്ന സിറാജ് കഴിഞ്ഞ ഒരു മാസം കൊണ്ടാണ് കീഴ്മാട് പഞ്ചായത്തിന് നേട്ടം ഉണ്ടാക്കി കൊടുത്തത്.
കാലടി ,അശമന്നൂർ, ചേന്ദമംഗലം, രാമമംഗലം എന്നീ ഗ്രാമ പഞ്ചായത്തുകളാണ് പുരസ്കാരത്തിന് അർഹത നേടിയ ജില്ലയിലെ മറ്റ് പഞ്ചായത്തുകൾ.