തൈക്കൂടത്ത് കടകളിൽ ജനകീയ പരിശോധന
1536567
Wednesday, March 26, 2025 4:23 AM IST
മരട്: ലഹരിയും അനാശാസ്യവും ഗുണ്ടായിസവും തൈക്കൂടത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനെത്തുടർന്ന് തൈക്കൂടത്തെ നാല് റെസിഡന്റ്സ് അസോസിയേഷനുകളുടെയും ഫോർ ദ പീപ്പിളിന്റെയും സംയുക്താഭിമുഖ്യത്തിൽ 24 കടകളിൽ മിന്നൽ പരിശോധന നടത്തി.
വൈറ്റില, തൈക്കൂടം, പേട്ട പ്രദേശത്തെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കടകളിലാണ് പരിശോധന നടത്തിയത്. 24 മണിക്കൂറും കടകൾ പ്രവർത്തിക്കാൻ കൊച്ചിൻ കോർപറേഷന്റെ പ്രത്യേക ലൈസൻസ് ആവശ്യമാണെങ്കിലും സാധാരണ ലൈസൻസ് മാത്രമുള്ള കടകൾ 24 മണിക്കൂർ ബോർഡു വച്ച് പ്രവർത്തിക്കുന്നതായി ആക്ഷേപമുയർന്നു.
തൈക്കൂടം മെട്രോ സ്റ്റേഷൻ പരിസരത്ത് ജനങ്ങൾ ഒത്തുകൂടി നടത്തിയ യോഗം ഡിവിഷൻ കൗൺസിലർ മേഴ്സി ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. ടിസിആർഎ പ്രസിഡന്റ് മാർട്ടിൻ പയ്യപ്പിള്ളി അധ്യക്ഷത വഹിച്ചു.
തൈക്കൂടം കനാൽ റോഡിലും മെട്രോ സ്റ്റേഷൻ പരിസരത്തും കടവിൽ റോഡിന്റെ പരിസരങ്ങളിലും ഇടറോഡുകളിലും അനാശാസ്യവും ഗുണ്ടാ മാഫിയയും ലഹരി കച്ചവടവും നടക്കുന്നതായി ആക്ഷേപമുയർന്നതിനെത്തുടർന്നായിരുന്നു പരിശോധന.