പറവൂരിൽ അഴിഞ്ഞാടിയ പ്രതി ഓടി രക്ഷപ്പെട്ടു
1533391
Sunday, March 16, 2025 4:23 AM IST
പറവൂർ: വീട്ടമ്മയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ മദ്യലഹരിയിൽ ഭർത്താവിന്റെ ആക്രമണം. പോലീസ് ജീപ്പ് തകർത്ത പ്രതി പോലീസ് സംഘത്തെയും ആക്രമിക്കാൻ ശ്രമിച്ചു.
വെള്ളിയാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം. ഭർത്താവ് ദേഹോപദ്രവം ഏൽപ്പിക്കുന്നെന്നും കൊല്ലാൻ ശ്രമിക്കുന്നെന്നും പറഞ്ഞാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് പല്ലംതുരുത്ത് സ്വദേശിനിയായ വീട്ടമ്മയുടെ ഫോൺ സന്ദേശമെത്തിയത്. ഇത് അന്വേഷിക്കാനായി 12.20 ഓടെയാണ് സിആർവി പോലീസ് സംഘം ഇവരുടെ വീട്ടിലെത്തിയത്.
പോലീസിനെ കണ്ടയുടനെ ഭർത്താവ് മനപ്പിള്ളി വീട്ടിൽ മനോജ്(42) ഇരുമ്പു പാരയുമായി ഓടിവന്ന് പോലീസ് ജീപ്പിന്റെ മുൻവശത്തെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. ബംന്പറിനോട് ചേർന്നുള്ള ഗ്രില്ലും അടിച്ചുപൊളിച്ചു. തുടർന്ന് ജീപ്പിനുള്ളിലെ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു. എസ്ഐ ഇരുന്ന സീറ്റിന്റെ വശത്തെ ഗ്ലാസിലും അടിച്ചെങ്കിലും ജീപ്പിലുണ്ടായിരുന്നവർ പെട്ടെന്ന് മാറിയതിനാൽ അപകടം ഒഴിവായി.
സംഭവമറിഞ്ഞ് സ്ഥലത്തേക്ക് കൂടുതൽ പോലീസ് എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തു. ഒളിവിൽപ്പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി.